പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനം നൊന്താണ് ഹൃദ്രോഗിയായ അബ്ദുൽ സത്താർ ജീവനൊടുക്കിയത്. സംഭവത്തിൽ കാസർകോട് പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിനുശേഷമാണ് തിങ്കളാഴ്ച അബ്ദുൽ സത്താർ ആത്മഹത്യ ചെയ്തത്. ഇതിനിടെ ഓട്ടോക്കാരുടെ ജീവിതത്തെ പറ്റി സുധീഷ് കൃഷ്ണൻ അനിൻഹ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.
Also Read: നിങ്ങൾക്ക് ഹൃദയമുണ്ടോ പൊലീസുകാരെ? ആ മനുഷ്യനെ നിങ്ങള്‍ കൊന്നതാണ്; നൊമ്പരം ഈ കുറിപ്പ്
മുൻപ് കളക്ഷൻ ഏജന്റായി ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട ഓട്ടോ ഡ്രൈവറുടെ ജീവിതമാണ് കുറിപ്പിനാധാരം. ദയവായി ഒട്ടോക്കാരനെ പരീക്ഷിക്കരുത്, സ്വന്തം കുഞ്ഞിനൊരു പനി വന്നാൽ പോലും താളം തെറ്റുന്ന ജീവിതമാണ് അവരുടേത് എന്നാണ് കുറിപ്പിൽ പറയുന്നത്.
വാഹനത്തിന്റെ വായ്പയ്ക്ക് മാസ അടവ് 8,700 രൂപയായിരുന്നു. സ്‌കൂൾ ട്രിപ്പിൽ നിന്നും കിട്ടുന്ന അയ്യായിരവും രാത്രിയിലും പകലുമായി ഓടിക്കിട്ടുന്നതിൽ മിച്ചം പിടിച്ചുമായിരുന്നു അദ്ദേഹം ലോൺ അടച്ചിരുന്നത്. തിമിര ശസ്ത്രക്രിയക്ക് ശേഷം പലരും കുട്ടികളെ ഇദ്ദേഹത്തിൻ്റെ റിക്ഷയിൽ വിടാതായി. ഒപ്പം വാടക കൊടുക്കാതെ കളിപ്പിക്കുകയും ചെയ്തു. 400 രൂപയ്ക്ക് വേണ്ടി വയ്യാത്ത കണ്ണും തളർന്ന ശരീരവുമായി അയാൾ വീട്ടുകാരോട് യാചിക്കുന്നത് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.
കുറിപ്പിന്റെ പൂർണ രൂപം,
ഞാൻ മുമ്പ് ബജാജ് ഓട്ടോ ഫിനാൻസിൽ കളക്ഷൻ ജോലി ചെയ്തിരുന്നു. അന്ന് കാഞ്ഞങ്ങാട് ഒരു കസ്റ്റമർ ഉണ്ടായിരുന്നു. അറുപത് വയസ് പ്രായമായ ഒരു പാവം. നാല് പെൺമക്കളുടെ ഉപ്പ. പ്രായം കൂടിയത് കൊണ്ട് അദ്ദേഹത്തിൻ്റെ സുഹൃത്തിൻ്റെ പേരിലായിരുന്നു വണ്ടിയും ലോണും. ആ ബജാജ് CNG ഓട്ടോയുടെ ഒരു മാസത്തെ അടവ് 8700 രൂപയായിരുന്നു. അടവ് മുടങ്ങിയപ്പോഴാണ് ഞാൻ അദ്ദേഹത്തെ തേടിപ്പോകുന്നത്.
തിമിര ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസം വീട്ടിലിരിക്കാൻ അദ്ദേഹത്തോട് ഡോക്ടർ പറഞ്ഞതാണ്. പക്ഷെ 10 ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം കറുത്ത കണ്ണടയും വച്ച് സ്റ്റാൻഡിലെത്തി. സ്‌കൂൾ ട്രിപ്പിൽ നിന്നും കിട്ടുന്ന അയ്യായിരവും ബാക്കി രാത്രിയിലും പകലുമായി ഓടിക്കിട്ടുന്നതിൽ മിച്ചം പിടിച്ചുമായിരുന്നു അദ്ദേഹം ലോൺ അടച്ചിരുന്നത്. തിമിര ശസ്ത്രക്രിയക്ക് ശേഷം മിക്ക അമ്മമാരും കുട്ടികളെ ഇദ്ദേഹത്തിൻ്റെ റിക്ഷയിൽ വിടാതായി. അതിലേറെ കഷ്ടം, സ്കൂൾ കുട്ടികളുടെ രക്ഷിതാക്കളിൽ പലരും ഇദ്ദേഹത്തിൻ്റെ വാടക കൊടുക്കാതെ കളിപ്പിക്കുന്നതായിരുന്നു.
അദ്ദേഹം എന്നെ വാടക പിരിഞ്ഞ് കിട്ടാനുള്ള വീടുകളിലേക്ക് കൂട്ടികൊണ്ട് പോയി. കൊട്ടാരം പോലെയുള്ള വീടുകളുടെ മുമ്പിൽ നിന്ന് തനിക്ക് കിട്ടാനുള്ള 400 രൂപയ്ക്ക് വേണ്ടി ആ വയ്യാത്ത കണ്ണും തളർന്ന ശരീരവുമായി അയാൾ വീട്ടുകാരോട് യാചിക്കുന്നത് ഞാൻ നിസഹായതയോടെ നോക്കി നിന്നു.
ഏഴോ എട്ടോ വീടുകൾ ഞങ്ങൾ കയറിയിറങ്ങി. അയാളുടെ കൈയ്യിലുണ്ടായിരുന്ന പത്തിൻ്റെയും ഇരുപതിൻ്റെയും മുഷിഞ്ഞ നോട്ടുകളും കുട്ടികളുടെ പിരിഞ്ഞ് കിട്ടിയ തുകയും ചേർത്ത് 8700 രൂപ എന്നെ ഏൽപിക്കുമ്പോൾ സമയം ഉച്ചയ്ക്ക് രണ്ടരയായിരുന്നു.
"ഇക്കാ... ഇനി കൈയ്യിൽ ഒട്ടും ഇല്ലേ?"
അദ്ദേഹം പഴ്സ് മലർക്കെ തുറന്ന് കാണിച്ച് എന്നെ നോക്കി ചിരിച്ചു. അതിൽ ബാക്കി 10 രൂപ മാത്രം.
" അപ്പോ ഇക്കാക്ക് ചോറ് ബെയ്ക്കണ്ടെ?"
"അയ്ന് രണ്ട് വാടക ആക്കാം ... " ഇക്ക പറഞ്ഞു.
ഞാൻ 8700 ൽ നിന്നും 200 തിരിച്ച് കൊടുത്തു. അയാൾ വേണ്ടെന്ന് പറഞ്ഞു.
അടുത്ത അടവിൽ കൂട്ടിത്തന്നാൽ മതിയെന്ന് പറഞ്ഞ് ഞാൻ ആ 200 അയാളുടെ കീശയിലിട്ടു.
കറുത്ത കണ്ണട വച്ചാൽ ഒരു ഉപകാരമുണ്ട്. കണ്ണ് നിറഞ്ഞാൽ ആരും കാണില്ലല്ലോ.
* * *
ദയവായി ഒട്ടോക്കാരനെ പരീക്ഷിക്കരുത്.
സ്വന്തം കുഞ്ഞിനൊരു പനി വന്നാൽ പോലും താളം തെറ്റുന്ന ജീവിതമാണ് അവരുടേത്.