പരിശീലന പറക്കലിനിടെ മുപ്പത്തി രണ്ട് വര്‍ഷം മുന്‍പ് ആകാശത്തിൽ നിന്നും അപ്രത്യക്ഷമായ വിമാനത്തിലെ യാത്രികനെയും കാത്ത് ഒറ്റപ്പാലം ചീരാത്തൊടി തറവാട്. റായ്ബറേലിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള യാത്രയ്ക്കിടെ മറഞ്ഞ വിമാനത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഫ്ളൈയിങ് അക്കാദമിയിലെ ഉദ്യോഗസ്ഥനും മലയാളിയുമായ ഉണ്ണിക്കൃഷ്ണന്‍ ഉള്‍പ്പെടെ മൂന്നുപേരാണുണ്ടായിരുന്നത്. അൻപത്തി ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിമാചല്‍പ്രദേശിലുണ്ടായ വിമാന അപകടത്തില്‍പ്പെട്ട സൈനികന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയത് കുടുംബത്തിന്റെ പ്രതീക്ഷ കൂട്ടുകയാണ്.
കൂടെപ്പിറപ്പിന്റെ കുട്ട്യേ എന്ന വിളി കേൾക്കാനുള്ള ശിവന്റെ കാത്തിരിപ്പ് മുപ്പത്തി രണ്ട് വർഷം പിന്നിടുന്നു. കണ്ണിൽ നനവൂറാത്ത ദിവസങ്ങളില്ല. ആകാശ താഴ്‌വരയിൽ ജ്യേഷ്ഠനെ കാണാതായെങ്കിലും ഓരോ കാൽപ്പെരുമാറ്റത്തിലും അരികിലുണ്ടെന്ന് തോന്നുകയാണ്. അൻപത്തി ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇലന്തൂർ സ്വദേശിയായ സൈനികൻ തോമസ് ചെറിയാന്റെ അടയാളം മഞ്ഞു പാളികൾ ഒളിപ്പിച്ച് കരുതിയിരുന്നതിലാണ് ഇവരുടെ പ്രതീക്ഷ. ശാസ്ത്രത്തിന്റെ കണ്ണില്‍പ്പെടാതെയുള്ള തെളിവുകള്‍ വൈകാതെ പുറത്തറിയുമെന്ന്.
1992 ഒക്ടോബറിലാണ് റായ്ബറേലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പരിശീലന വിമാനം അപ്രത്യക്ഷമായത്. ഇന്ദിരാഗാന്ധി നാഷണല്‍ ഫ്ളൈയിങ് അക്കാദമിയുടെ ടി.ബി ഇരുപത് ഇനത്തില്‍പ്പെട്ട വിമാനമാണ് കാണാതായത്. ഒറ്റപ്പാലം സ്വദേശിയും ഫ്ളെയിങ് അക്കാദമി ഡയറക്ടറുടെ അസിസ്റ്റന്റുമായ ഉണ്ണിക്കൃഷ്ണന്‍, ക്യാപ്റ്റന്‍ ഭാര്‍ഗവ, പരിശീലന പറക്കലിലെ വിദ്യാര്‍ഥി അര്‍ജുന്‍ കപൂര്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. തിരുവനന്തപുരത്ത് എത്തുന്നതിന് 65 കിലോമീറ്റര്‍ അകലെ വിമാനം അപ്രത്യക്ഷമായെന്നായിരുന്നു റഡാറിലെ വിവരം. വനത്തിലും, പുഴയിലും, കടലിലുമെല്ലാം ദിവസങ്ങളോളം തെരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.