സംസ്ഥാനത്ത് ആറാം തവണ നിപ സ്ഥിരീകരിക്കുമ്പോള്‍ രോഗം പടരാതിരിക്കാന്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ വരാനിടയുളള ഒരു കാര്യങ്ങളും പാടില്ലെന്നാണ് മുന്നറിയിപ്പ്. സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി ചികില്‍സ തേടുന്ന എല്ലാവരെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്നാണ് ആശുപത്രികള്‍ക്ക് നല്കിയിരിക്കുന്ന നിര്‍ദേശം. അടിക്കടി രോഗബാധയുണ്ടാകുമ്പോഴും വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പകരുന്നതെങ്ങനെയെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
നിപ ബാധിച്ച് 14 വയസുകാരന്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് രണ്ടു മാസത്തിനകം സമീപ പ്രദേശത്ത് 24 കാരന്റെ മരണം. കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ കേസുകള്‍ പഴം തീനി വവ്വാലുകളില്‍ നിന്നാണ് പകര്‍ന്നതെന്നാണ് അനുമാനം. 2018ൽ നിപ ബാധിച്ച 4 പേരിൽ നിന്നും സൂപ്പിക്കടയിൽ നിന്നു പിടികൂടിയ 3 വവ്വാലുകളിൽ നിന്നും ശേഖരിച്ച സാംപിളുകളിലെ സാമ്യമാണ് നിഗമനത്തിന് ആധാരം. 2021ല്‍ ചാത്തമംഗലത്തു നിപ ബാധിച്ചു കുട്ടി മരിച്ച സംഭവത്തിൽ വൈറസ് എത്തിയത് വവ്വാലുകളിൽ നിന്നു തന്നെയാണെന്നും നിഗമനത്തിലെത്തിയിരുന്നു.
ബംഗ്ളാദേശില്‍ പനങ്കള്ള് കുടിക്കുന്നവരിലാണ് നിപ സ്ഥിരീകരിച്ചത്. പനങ്കള്ളില്‍ വവ്വാലുകളുടെ വിസര്‍ജ്യം കലരുകയും അങ്ങനെ രോഗബാധ മനുഷ്യരിലേയ്ക്ക് എത്തുകയും ചെയ്യുന്നതായി കണ്ടെത്തി. ഇവിടെ അനുമാനങ്ങളല്ലാതെ വവ്വാലുകളില്‍ നിന്ന് എങ്ങനെ മനുഷ്യരിലേയ്ക്ക് രോഗം പകരുന്നു എന്നതില്‍ കൃത്യമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല, അതുകൊണ്ടു തന്നെ വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയാണ് പ്രധാന പ്രതിരോധ മാര്‍ഗം. വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്, വവ്വാല്‍ കടിച്ചവ കഴിക്കരുത്, സ്പര്‍ശിക്കരുത്, വവ്വാലുകളെ വളര്‍ത്തരുത് ,മാംസം ഭക്ഷിക്കരുത്, വിസര്‍ജ്യം സ്പര്‍ശിച്ചാല്‍ ഉടനടി സോപ്പുപയോഗിച്ച് കഴുകുക എന്നിവയാണ് പ്രധാന പ്രതിരോധമാര്‍ഗങ്ങള്‍.
വൈറസ് ബാധിച്ച ആളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുക. എന്‍ 95 മാസ്കും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാല്‍ രോഗം ഒരുപരിധിവരെ തടയാം.രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണം.രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ചികില്‍സ തേടണം. വൈറസ് ബാധിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 4 മുതല്‍ 21 ദിവസം വരെ സമയമെടുക്കാം. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചുപേയും പറയുക, ശ്വാസതടസം , മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങളുളളവരെ പരിചരിക്കുന്നവരും ആരോഗ്യപ്രവര്‍ത്തകരും സുരക്ഷാ മുന്‍കരുതലുകളെടുക്കണം.കോവിഡ് പോലെയുളള പകര്‍ച്ച വ്യാധിയല്ലെങ്കിലും നിപ രോഗത്തിന്റെ മരണനിരക്ക് 70 ശതമാനത്തില്‍ അധികമായതുകൊണ്ടാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്കുന്നത്.