താങ്ങായിരുന്ന പിതാവിനെ നഷ്ടപ്പെട്ടതോടെ കുടുംബം പോറ്റാന്‍ ദുരിതപ്പടവുകള്‍ കയറിയിറങ്ങുകയാണ് കണ്ണൂര്‍ കണ്ണാടിപ്പറമ്പിലെ ഭിന്നശേഷിക്കാരനായ ഷരീഫ്. സൈക്കിള്‍ റിപ്പയറിങ് ജോലിക്കാരനായ ഷരീഫിന് വീട്ടിലേക്കെത്താനൊരു നല്ല വഴിയും ഒരു മുച്ചക്ര വാഹനവും വേണമെന്ന ആഗ്രഹം മാത്രമേയൊള്ളൂ.
ദിവസവും പണിയ്ക്ക് പോകണമെങ്കില്‍ ഈ പടവുകള്‍ കയറണം. വീട്ടില്‍ നിന്ന് രണ്ട് കി.മീ അകലെയാണ് സൈക്കിള്‍ റിപ്പയറിങ് കട. നേരത്തെയുണ്ടായിരുന്ന മുച്ചക്രവണ്ടി ഉപയോഗശൂന്യമായിട്ട് കാലമേറെയായി. പരസഹായമില്ലാതെ കടയില്‍ പോകാനൊരു മുച്ചക്രവണ്ടി വേണം. നവകേരള സദസിലടക്കം പുതിയൊരു വാഹനത്തിനായി അപേക്ഷ കൊടുത്തിട്ടും ഒരു പ്രയോചനവുമുണ്ടായില്ലെന്ന് ഷരീഫ് പറയുന്നു.
കുടുംബത്തെ പോറ്റാന്‍ ഷരീഫ് മാത്രമേയൊള്ളൂ. പത്തോ ഇരുന്നൂറോ ഒരു ദിവസം കിട്ടിയാലായി. പിതാവുണ്ടായിരുന്നപ്പോള്‍ കഷ്ടപ്പാടറിഞ്ഞിരുന്നില്ല. പത്തുമാസം മുമ്പ് ഉപ്പ മരിച്ചതോടെ കുടുംബഭാരം ഈ ചുമലില്‍ വന്നു. അതിനൊപ്പമാണ് പതിനഞ്ച് മീറ്റര്‍ താഴ്ചയിലെ വീട്ടിലേക്കെത്താനുള്ള ദുരിതപ്പടവുകള്‍. റോഡില്‍ നിന്ന് മഴവെള്ളവും മലിനജലവും ഈ പടവുകള്‍ക്കരികിലൂടെ വീട്ടിലേക്കെത്തുന്നതും ഇരട്ടിദുരിതം.