farook-college-students-mvd

കോഴിക്കോട് ഫാറൂഖ് കോളജിലെയും കണ്ണൂർ കാഞ്ഞിരോട് കോളജിലെയും വിദ്യാർഥികൾ ഓണാഘോഷത്തിന്റെ ഭാഗമായി അഭ്യാസ പ്രകടനം നടത്തിയ വാഹനങ്ങളെല്ലാം കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി നിർദേശം. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കണം. അഭ്യാസപ്രകടനം നടത്തിയ വാഹനത്തിന്‍റെ ഉടമയ്ക്കും ഡ്രൈവര്‍ക്കും കൂടെ സഞ്ചരിച്ചവര്‍ക്കും എതിരെ കേസെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ഓണാഘോഷത്തിന്‍റെ പേരിലുള്ള അതിരു വിടലുകളിലാണ് ഹൈക്കോടതിയുടെ ഇടപെടൽ കർശന നടപടിയെടുക്കാനാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. അഭ്യാസ പ്രകടനങ്ങൾ നടത്തിയ വാഹനത്തിലുണ്ടായിരുന്നവരുടെ പേര് വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. നടപടിക്രമം പാലിച്ച് വാഹന റജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങള്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറണമെന്ന് ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ ഉൾപ്പെട്ട ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. വാഹനങ്ങള്‍ക്ക് അയ്യായിരം രൂപ വീതം പിഴ ചുമത്തണം. ഗതാഗത വകുപ്പ് കമ്മിഷണര്‍ രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും നിർദേശമുണ്ട്. 

കലാലയങ്ങളിൽ ഇത്തരത്തിൽ അതിരുവിട്ട അഭ്യാസപ്രകടനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിക്കും, ഗതാഗത കമ്മീഷണർക്കും കോടതി നിർദേശം നൽകി. അതിനിടെ അതിരുവിട്ട ഓണാഘോഷത്തിൽ കോഴിക്കോട് ഫാറൂഖ് കോളജിലെ 9 വിദ്യാർഥികൾക്ക് എതിരെ ഫറോക്ക് പൊലീസ് കേസ് എടുത്തു. അപകടകരമാംവിധം വാഹനം ഓടിച്ചതിനും ഗതാഗതം തടസം സൃഷ്ടിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. നിയമ ലംഘനം നടത്തിയതിന്  10 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വാഹന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പും കേസ് എടുത്തിരുന്നു