കോഴിക്കോട്ട് ശുചിമുറി മാലിന്യങ്ങളുടെ നടുവിൽ തൊഴിലാളികള്‍ക്ക് നരകജീവിതം. കോഴിക്കോട് പാലാഴിയിൽ ദേശീയ പാത നിർമാണത്തിന് എത്തിച്ച തൊഴിലാളികളാണ് ശുചിമുറി മാലിന്യങ്ങളുടെ നടുവിൽ കുടുംബവുമായി താമസിക്കുന്നത്. മനോരമ ന്യൂസ് വാര്‍ത്തയ്ക്കു പിന്നാലെ നടപടിയുമായി കോഴിക്കോട് കോര്‍പറേഷനുമെത്തി. ഷെഡുകള്‍ പൊളിച്ചുമാറ്റാന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്.
പശ്ചിമ ബംഗാളിൽ നിന്ന് എത്തിയ 40 ഓളം പേരാണ് യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ റോഡുവക്കിൽ അന്തിയുറങ്ങുന്നത്. മലമൂത്ര വിസർജനമടക്കം ഒഴുകുന്നതിനാൽ സമീപ പ്രദേശങ്ങൾ ജലജന്യ രോഗങ്ങളുടെ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം വരെ ഇവിടെയുള്ള ഷീറ്റുകൾക്കുള്ളിൽ കുഞ്ഞുങ്ങൾ അടക്കം ഉണ്ടായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഷെഡിൽ നിന്ന് കുട്ടികളെയും സ്ത്രീകളെയും മാറ്റുകയായിരുന്നു.