മലപ്പുറം പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് തമിഴ്നാട്ടിലെ കൂനൂരിലെന്ന് സൂചന. മൊബൈല്‍ഫോണ്‍ ഓണായി. ഊട്ടിക്കടുത്ത കൂനൂര്‍ ലൊക്കേഷന്‍ കാണിച്ചെന്നാണ് വിവരം. സഹോദരി വിളിച്ചപ്പോഴാണ് ഫോണ്‍ എടുത്തത്. എന്നാല്‍ ഒന്നും സംസാരിക്കാതെ കട്ട് ചെയ്യുകയായിരുന്നു. വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസമായി.
മലപ്പുറത്തുനിന്ന് എത്തിയ പൊലീസ് സംഘം തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുകയാണ്. വിവാഹദിവസത്തിന് തലേന്നാണ് വിഷ്ണുജിത്തിനെ കാണാതെയായത്. വിവാഹ ദിവസവും കാണാതായതോടെ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നൽകുകയായിരുന്നു. പാലക്കാടുള്ള സുഹൃത്തിന്റെ കയ്യിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങി തിരികെ പോന്നതായാണ് ബന്ധുക്കൾക്ക് ലഭിച്ച അവസാന വിവരം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് കോയമ്പത്തൂരിലേക്കുള്ള ബസില്‍ വിഷ്ണു കയറിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യുവാവ് ബസില്‍ യാത്ര ചെയ്തത് ശ്രദ്ധിച്ചില്ലെന്നാണ് കണ്ടക്ടറുടെയും ഡ്രൈവറുടെയും മൊഴി.