vk-prasanth-2

തിരുവനന്തപുരം നഗരത്തിലെ വെള്ളംകുടി മുട്ടിച്ചതില്‍ ജലവിഭവ വകുപ്പിന് ഗുരുതരവീഴ്ചയെന്ന് വി.കെ.പ്രശാന്ത് എംഎല്‍എ.പ്രശ്ന പരിഹാരത്തിന് ധാരണയുളള ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിന്‍റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.ഇത് സര്‍ക്കാര്‍ പരിശോധിക്കണമെന്നും  എം.എല്‍.എ മനോരമ ന്യൂസിനോട്  പറഞ്ഞു. നേമത്ത് പണി നടത്താന്‍ നഗരം മുഴുവന്‍ വെള്ളംകുടി മുട്ടിക്കണോയെന്ന് വി.കെ.പ്രശാന്ത് ചേദിച്ചു.

 

വി.കെ.പ്രശാന്ത് ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം ഉള്‍ക്കൊള്ളുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് വലുതാണ്. പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും. സംസ്ഥാനതലത്തില്‍ പ്രോട്ടോകോള്‍ രൂപീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

 

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള പ്രതിസന്ധിയുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വകുപ്പുകളുടെ ഏകോപനമില്ലായ്മയും  ഉന്നത ഉദ്യോഗസ്ഥരുടെ അസാന്നിധ്യവും അന്വേഷിക്കും. മന്ത്രിമന്ദിരങ്ങളില്‍ വെള്ളമുണ്ടായിരുന്നെന്ന ആരോപണം വാര്‍ത്തയ്ക്ക് എരിവും പുളിയും പകരാനാണെന്നും മന്ത്രി പറഞ്ഞു.

തലസ്ഥാന നഗരത്തിലെ കുടിവെള്ളം പ്രശ്നത്തിന് അഞ്ചാം ദിനത്തിലും ശാശ്വത പരിഹാരമില്ല. രാത്രി വൈകി പമ്പിങ് തുടങ്ങിയെങ്കിലും പലയിടത്തും ഇപ്പോഴും വെള്ളമെത്തിയിട്ടില്ല. താഴ്ന്ന പ്രദേശങ്ങളില്‍ രാത്രി തന്നെ വെള്ളം എത്തിത്തുടങ്ങി. നഗരപരിധിയിലെ അങ്കണവാടികൾ ഉൾപ്പെടെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. സ്കൂളുകളിലെ  പരീക്ഷകളും കേരള സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്.

ENGLISH SUMMARY:

VK Prasanth MLA against kerala water authority