തലസ്ഥാന നഗരത്തിലെ നാലു ദിവസമായി തുടരുന്ന കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം. താഴ്ന്ന പ്രദേശങ്ങളില്‍ രാത്രിയോടെ വെള്ളം എത്തിത്തുടങ്ങി. ആറ്റുകാല്‍, ഐരാണിമുട്ടം എന്നിവിടങ്ങളിലാണ് വെള്ളം എത്തിയത്. ലീക്കേജ് ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയോടെ ജലവിതരണം സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷ. അതേസമയം, നഗരപരിധിയിലെ അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂളുകളിലെ പരീക്ഷകളും കേരള സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റി.
പ്രാഥമികാവശ്യം പോലും നിറവേറ്റാൻ പോലും കഴിയാതെ നെട്ടോട്ടമോടിയ തലസ്ഥാന നഗരവാസികൾക്ക് ഇന്നലെ രാത്രിയോടെയാണ് ആശ്വാസ വാർത്തയെത്തിയത്.
വ്യാഴാഴ്ച മുതൽ തുടങ്ങിയ പ്രതിസന്ധിക്കു രാത്രി 9.45 ഓടെ പരിഹാരമായത്. ഇപ്പോൾ ശരിയാകും എന്നു മന്ത്രി വി.ശിവൻകുട്ടിയുൾപ്പെടെയുള്ള അധികാരികൾ ഇന്നലെ പകൽ പറഞ്ഞ സമയമെല്ലാം തെറ്റി. പൈപ്പുകളുടെ അലൈൻമെൻ്റ് ശരിയാകാത്തതായിരുന്നു കാരണം. ഭഗീരഥ പ്രയത്നത്തിനൊടുവിലാണ് അലൈൻമെൻ്റ് ശരിയായി നട്ടു മുറുക്കിയത്. അപ്പോഴേക്കും പമ്പിങ്ങ് പുനരാംഭിക്കാൻ ജല അതോറിറ്റി നിർദേശം നൽകി.