തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബാഗില്‍ കണ്ടെത്തിയ നവജാത ശിശുവിന്റേത് സ്വഭാവിക മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചന. പ്രസവിച്ച് ഏഴാം ദിവസം മരിച്ചതാകാനാണ് സാധ്യത. കുഞ്ഞിന്റെ വയറ്റില്‍ കണ്ടെത്തിയ ബാന്‍ഡേജ് മരുന്നുകടയില്‍ നിന്ന് വാങ്ങിയതാകാമെന്നും സംശയിക്കുന്നു.
തൃശൂര്‍ റയില്‍വേ സ്റ്റേഷനിലെ മേല്‍പാലത്തിലായിരുന്നു ബാഗില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തിലായിരുന്നു റയില്‍വേ പൊലീസിന്റെ അന്വേഷണം. ഇന്‍ക്വസ്റ്റില്‍ പ്രത്യേകിച്ച പരുക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല. പോസ്റ്റ്മോര്‍ട്ടത്തിലും അത്തരം സൂചനകളില്ല. സ്വാഭാവിക മരണമാകാനാണ് സാധ്യത. ആന്തരിക അവയവങ്ങളുടെ പരിശോധനഫലം വന്ന ശേഷമെ സ്ഥിരീകരിക്കാന്‍ കഴിയൂ. വളര്‍ച്ചയെത്താതെ പ്രസവിച്ച കുഞ്ഞാണിതെന്ന് ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞ് മരിച്ച ശേഷം ബാഗിലാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചതാകാനാണ് സാധ്യത. ആരാണ്, ബാഗ് ഉപേക്ഷിച്ചതെന്ന് കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സ്റ്റേഷനിലെ എല്ലാ സിസിടിവി കാമറകളും നേരാവണ്ണം പ്രവര്‍ത്തിക്കുന്നില്ല. അതുക്കൊണ്ടുതന്നെ, ബാഗുമായി വന്ന യാത്രക്കാരെ കണ്ടെത്താന്‍ പാടുപെടുകയാണ് റയില്‍വേ പൊലീസ്. മരിച്ച ശേഷം കുഞ്ഞിനെ സംസ്ക്കരിക്കാന്‍ സ്ഥലമില്ലാത്ത ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. റയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള വഴികളിലേയ്ക്ക് ദൃശ്യങ്ങള്‍ ലഭിക്കുന്ന സ്വകാര്യ കെട്ടിടങ്ങളിലെ സിസിടിവി കാമറകളും പൊലീസ് പരിശോധിച്ചു വരികയാണ്.