ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരാണ് ബെഞ്ചിലുള്ളത്.നടൻ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ നടിയുടെ മൊഴി തൊടുപുഴ പൊലീസ് രേഖപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഗൗരവകരമായ നിയമപ്രശ്നങ്ങളുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ബെഞ്ച് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവിൽ പറയുന്നത് പ്രകാരം കഴിഞ്ഞ മാസം 29ന് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാനാണ് പുതിയ ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. ഈ മാസം പത്തിനാണ് പൊതുതാൽപര്യ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പുതിയ ബെഞ്ചായിരിക്കും പരിഗണിക്കുക എന്നാണ് വിവരം.
അതിനിടെ ഇടുക്കി തൊടുപുഴയിലെ സിനിമ ചിത്രീകരണത്തിനിടെ നടൻ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ നടിയുടെ മൊഴിയെടുത്തു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരിച്ച സിനിമയുടെ ലൊക്കേഷനുകളിൽ വച്ച് അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.നടിയെ തൊടുപുഴയിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. കേസിൽ നേരത്തെ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് നടിയെ വിളിച്ചു വരുത്തിയത്.