പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്വന്തം വീട്ടിലേക്കുള്ള വഴി നന്നാക്കിയതിൽ സിപിഐയുടെ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പോസ്റ്റർ. വൈക്കം ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജിക്കെതിരെയാണ് ഡിവൈഎഫ്ഐയുടെ പേരിൽ പ്രതിഷേധ പോസ്റ്റർ നിറഞ്ഞത് . പോസ്റ്ററുകളുടെ ഉത്തരവാദിത്വം നിഷേധിക്കാത്ത പ്രാദേശിക DYFI പ്രവർത്തകർ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല.
പഞ്ചായത്ത് ഫണ്ടിൽ തന്‍റെ വീട്ടിലേക്കടക്കമുള്ള ഏഴ് വീടുകളിലേക്ക് വഴി നന്നാക്കിയതിന്‍റെ പേരിലാണ് ശ്രീജിക്കെതിരെ ഡിവൈഎഫ്ഐയുടെ പോസ്റ്ററുകൾ നിറഞ്ഞിരിക്കുന്നത്. പതിനൊന്നാം വാർഡിലെ തൊണ്ണൂറ്റി ഒന്ന് മീറ്റർ വരുന്ന മൈത്രി റോഡാണ് മൂന്ന്ലക്ഷത്തി പതിനേഴായിരം രൂപ മുടക്കി നന്നാക്കിയത്. കോൺക്രീറ്റ് കട്ടകൾ പാകി പണി പൂർത്തിയായതോടെയാണ് വിമർശനവും ഉയർന്നു. സി പി എം അനുഭാവ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഉയർന്ന വിമർശനമാണ് കൈയ്യെഴുത്ത് പോസ്റ്ററായി പഞ്ചായത്തിനു മുന്നിലും കവലകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എങ്കിലും പരസ്യ പ്രതികരണത്തിന് ഇരുകൂട്ടരും തയ്യാറായിട്ടില്ല
പഞ്ചായത്തിലെ മറ്റ് നിരവധി റോഡുകൾ നന്നാക്കാതെ കിടക്കുമ്പോഴാണ് വീട്ടിലേക്കുള്ള വഴി നന്നാക്കാൻ പ്രസിഡന്‍റ് മുൻകൈ എടുത്തതെന്നാണ് ആക്ഷേപം. മുൻഗണന മാനദണ്ഡങ്ങൾ പാലിച്ചാണ് റോഡ് നിർമ്മിച്ചതെന്ന് ശ്രീജി ഷാജി പറയുന്നു . ആക്ഷേപം വ്യക്തിപരമായ പ്രശ്നങ്ങളാലാണെന്നും പ്രതിഷേധമുണ്ടെങ്കിൽ CPM- DYFI നേതൃത്വം രംഗത്ത് വരട്ടെയെന്നുമാണ് ശ്രീജി ഷാജിയുടെ നിലപാട്.