ലൈംഗിക ആരോപണം നേരിടുന്ന അമ്മയുടെ ആക്ടിങ് ജനറൽ സെക്രട്ടറി നടൻ ബാബുരാജിന്റെ രാജിക്കായി സംഘടനയിൽ സമ്മർദം. സമാന ആരോപണത്തിൽ ജനറൽ സെക്രട്ടറി സിദ്ദിഖ് സ്വമേധയ രാജിവച്ചൊഴിഞ്ഞിട്ടും ബാബുരാജ് തുടരുന്നത് സംഘടനയുടെ മുഖം കൂടുതൽ മോശമാക്കുമെന്ന് അമ്മ അംഗങ്ങളിൽ ചിലർ നേതൃത്വത്തെ അറിയിച്ചു. ഇതിനിടെ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നതിൽ തീരുമാനമായില്ല.
ലൈംഗിക ആരോപണമുണ്ടായ ഉടൻ സിദ്ദിഖ് രാജിവച്ചൊഴിഞ്ഞതോടെയാണ് അമ്മയുടെ ജോയന്റ് സെക്രട്ടറിയായ ബാബുരാജ് ആക്ടിങ് ജനറൽ സെക്രട്ടറിയായത്. ഇതിന് തൊട്ടുപിന്നാലെയാണ് ബാബുരാജിന് നേരെയും ലൈംഗിക ആരോപണം ഉണ്ടായത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ എത്തുന്നത് തടയിടുകയാണ് ആരോപണത്തിന്റെ ലക്ഷ്യമെന്ന ബാബുരാജിന്റെ പ്രതികരണം അമ്മയെ സമൂഹത്തിൽ കൂടുതൽ മോശമാക്കുമെന്ന് അംഗങ്ങളിൽ ചിലർ നേതൃത്വത്തെ അറിയിച്ചു. രാജിവച്ചില്ലെങ്കിൽ ചോദിച്ചു വാങ്ങണമെന്നും ഇല്ലെങ്കിൽ പരസ്യപ്രതികരണത്തിലേക്ക് നീങ്ങുമെന്ന നിലപാടിലുമാണ് ഇവർ. തലപ്പത്തുള്ളവർക്ക് നേരെ ഇത്ര ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടും എക്സിക്യൂട്ടീവ് കമ്മറ്റി ചേരാനോ വിഷയം ചർച്ചചെയ്യാനോ ഇതുവരെ സംഘടനയ്ക്കായില്ലെന്നതിലും അംഗങ്ങളിൽ പലർക്കും വിമർശനമുണ്ട്.