ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലില്‍ പ്രതീക്ഷയായി ലോറിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. മരങ്ങൾ കെട്ടാൻ ഉപയോഗിച്ച കയറിന്‍റെ ഭാഗമാണ് നാവികസേനയുടെ തിരച്ചിലില്‍ കണ്ടെടുത്തത്. അതേസമയം പുഴയിലെ മൺകൂനകൾ ഇളക്കി പരിശോധിക്കാൻ ഗോവയിൽ നിന്ന് മണ്ണുമാന്തി കപ്പൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടങ്ങി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അല്പം വൈകി 10.30 ആണ് ഇന്നത്തെ തിരച്ചിൽ ആരംഭിച്ചത്. ഇന്നലെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയ പുഴയുടെ മധ്യഭാഗം കേന്ദ്രീകരിച്ചായിരുന്നു നാവിക സേനയും ഈശ്വര് മാൽപ്പേയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരും വെള്ളത്തിലിറങ്ങി പരിശോധന നടത്തിയാത്. മണ്ണിടിച്ചിലിൽ പുഴയിൽ പതിച്ച പാറകളും മരക്കഷ്ണങ്ങളും മാത്രമേ കണ്ടെത്താൻ കഴിയുന്നൊള്ളൂവെന്നായിരുന്നു ഈശ്വർ മാൽപെയുടെ സംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.
ഗോവ തുറമുഖത്തെ മണ്ണു മാന്തി കപ്പൽ കൊണ്ടുവാരാൻ നടപടി തുടങ്ങിയെന്ന് കാർവാർ എം.എൽ എ അറിയിച്ചു. കാർഷിക സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള ട്രെഡ്ജർ കേരളം വിട്ടു നൽകിയില്ലെന്നും എംഎൽഎ ആരോപിച്ചു. എന്നാൽ ആരോപണം തെറ്റാണെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. ഇതിന് ഇടക്കാണ് നാവിക സേന അംഗം നടത്തിയ തിരച്ചിലിൽ നിർണായക വസ്തുക്കൾ ലഭിച്ചത്. കയറിന്‍റെ ഭാഗവും,ലോഹ കഷ്ണങ്ങളുമാണ് കണ്ടെടുത്തത്. കണ്ടെത്തിയ കയറിന്‍റെ ഭാഗം തന്‍റെ വാഹനത്തിലേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. സിഗ്നൽ പരിശോധനയിൽ കണ്ടെത്തിയ 3 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടന്നത്.