കൊച്ചി – ധനുഷ്കോടി ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മണ്ണെടുത്തതിനെ തുടർന്ന് അടിമാലി കൂമ്പൻപാറയിൽ വീടുകൾ അപകടാവസ്ഥയിൽ. പാതയ്ക്ക് വീതി കൂട്ടുന്നതിനായി മണ്ണ് നീക്കം ചെയ്തതിന് പിന്നാലെ മഴ കനത്തതോടെയാണ് വീടുകൾക്ക് സമീപമുള്ള മൺതിട്ട ഇടിഞ്ഞത്. പരാതിപ്പെട്ടിട്ടും ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാരുടെ ആരോപണം
കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിലാണ് കൂമ്പൻപാറ സ്വദേശി മനോജിന്റെ വീടിനോട് ചേർന്ന മൺതിട്ട ഇടിഞ്ഞു വീണത്. മഴ കനത്താൽ വീട് ഇടിഞ്ഞുവീഴാനുള്ള സാധ്യത മുൻനിർത്തി മനോജും കുടുംബവും വാടകവീട്ടിലേക്ക് മാറി. ഇനി സ്വന്തം വീട്ടിലേക്ക് എപ്പോൾ മടങ്ങാനാകുമെന്ന് അറിയില്ല. അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്നാണ് മനോജിന്റെ ആരോപണം
പരിസ്ഥിതി ദുർബല മേഖലയായ കൂമ്പൻപാറയിൽ റോഡിനോട് ചേർന്ന് സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. എന്നാലിതിന് വേണ്ടത്ര വലുപ്പമില്ലാത്തതിനാൽ മണ്ണിടിച്ചിൽ തടയാനാകില്ലാ. കുട്ടികളും, പ്രായമായവരുമുള്ള വീടുകളുടെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ചെങ്കുത്തായ മേഖലയിൽ ഇനിയും മണ്ണിടിച്ചിലുണ്ടായൽ നിരവധി വീടുകൾക്ക് കേടുപാടുകളുണ്ടാവും.