വയനാട് ദുരന്തഭൂമിയില്‍ നാളെ ജനകീയ തിരച്ചിലെന്ന് മന്ത്രി കെ.രാജന്‍. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ജനപ്രതിനിധികള്‍ എന്നിവരെ തിരച്ചിലില്‍ ഉള്‍പ്പെടുത്തും. പുനരധിവാസം കൃത്യമാകുന്നതുവരെ വീട്ടുവാടക സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി മനോരമന്യൂസിനോട് പറഞ്ഞു. ദുരന്തബാധിതര്‍ക്കുള്ള ഭൂമി സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഏറ്റവും തീവ്രതയേറിയ എല്‍–3 വിഭാഗത്തില്‍ മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ദുരന്തത്തിന്റെ പത്താം ദിനമായ ഇന്നും തിരച്ചിൽ ഊർജിതമായി തുടരും. മുണ്ടകൈ, ചൂരൽമല, ചാലിയാർ മേഖലകളിൽ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തും. തമിഴ്നാട്ടിൽ നിന്നെത്തിച്ച ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും ഇന്നുണ്ടാകും. ഓപ്പറേഷൻ സൺറൈസ് വാലിയുടെ മൂന്നാം ദിനമായ ഇന്ന് കൊച്ചിയിൽ നിന്നെത്തിച്ച മായ, മർഫി എന്നീ കഡാവർ നായകളെ ഉപയോഗിച്ചാകും ദൗത്യം. ഇന്നലെ സൈന്യത്തിന്റെ കഡാവർ നായയെ ഉപയോഗിചുള്ള തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് നീക്കം. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ രൂപപ്പെട്ട തുരുത്തിൽ നിന്നാണ് ശരീരഭാഗം ലഭിച്ചത്. ഈ തുരുത്ത് കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിശോധന. ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 413 ആയി.