തിരുവനന്തപുരത്ത് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച അഖിലിന് ചികിത്സ വൈകിയെന്ന ആരോപണവുമായി കുടുംബം. ആദ്യ ഘട്ടത്തിൽ ആരോഗ്യ ഇൻഷുറൻസ് തുകയുടെ പേരിൽ മരുന്നിനു തുക അനുവദിക്കാൻ വൈകിയെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ തലച്ചോറിൽ അണുബാധ ഉണ്ടെന്ന് ബോധ്യമായിട്ടും ചികിത്സ ഫലപ്രദമായി നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, അമീബിക് കേസുകൾ സംസ്ഥാനത്ത് കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വിശദ പഠനം നടത്താൻ ഐ.സി.എം.ആറിന് കത്തയച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം അതിയന്നൂർ പഞ്ചായത്തിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട നെല്ലിമൂട് സ്വദേശി അഖിലിന് ആദ്യ ഘട്ടത്തിൽ ചികിത്സ വൈകിയെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. ജൂലൈ 20ന് വൈകിട്ട് കോലഞ്ചേരി മർത്തോമ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അഖിലിനെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് തിരുവനന്തപുരം ഗവ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. റെഫറിങ് ലെറ്ററിൽ അണുബാധ സംശയിക്കുന്നതായി ഡോക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം മെഡിക്കൽകോളജ് അധികൃതർ കാര്യമാക്കിയില്ല എന്നാണ് വ്യക്തമാകുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് വലിയ തുക ചിലവായെന്നും ആദ്യ ഘട്ടത്തിൽ ആവശ്യമായ മരുന്ന് പോലും പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതി ഉണ്ടായെന്നും സഹോദരൻ ആരോപിച്ചു.
അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നും കാരുണ്യ ഇൻഷുറൻസ് തുകയുടെ പേരിൽ മരുന്ന് നൽകാൻ വൈകിയതും ചികിത്സ വൈകാൻ കാരണമായെന്നും ബന്ധുക്കൾ പറഞ്ഞു.
കേരളത്തിൽ ഇതുവരെ 15 പേർക്കാണ് അമീബിക് മസ്തികജ്വരം കണ്ടെത്തിയത്. ഇതിൽ 7 കേസുകളും റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. ഇതിൽ ഒരാൾ മരണപ്പെടുകയും ബാക്കി 6 പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുമാണ്.