തിരുവനന്തപുരത്തെ ഗുണ്ടാ നേതാവ് ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗുണ്ടാത്തലവൻ അമ്മയ്ക്കൊരുമകൻ സോജു ഉൾപ്പെടെയുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിൽ ആയിരുന്നു പ്രതികളുടെ വെറുതേ വിട്ടുള്ള കോടതി ഉത്തരവ്.
ഗുണ്ടാ തലവൻ അമ്മയ്ക്കൊരുമകൻ സോജു എന്ന അജിത് കുമാർ, ജാക്കി എന്ന അനിൽ കുമാർ എന്നിവർ ജീവിച്ചിരിക്കുന്നത് സമൂഹത്തിന് ആപത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് ജെറ്റ് സന്തോഷ് വധക്കേസിൽ വിചാരണ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. ഇവരടക്കം ശിക്ഷിക്കപ്പെട്ട 7 പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. കേസിലെ ഒന്നാം സാക്ഷിയായിരുന്ന നാസിറുദീന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാൽ ഇത് വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. മാപ്പുസാക്ഷിയായ നാലാം പ്രതിയുടെ മൊഴിയും വിശ്വസനീയമല്ലെന്ന് വ്യക്തമാക്കിയാണ് കേസിലെ എല്ലാ പ്രതികളെയും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വെറുതേ വിട്ടത്.
2004 നവംബർ 23 നായിരുന്നു പുന്നശ്ശേരി സ്വദേശി ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയത്. മുടിവെട്ടുന്നതിനിടെ ബാര്‍ബര്‍ ഷോപ്പില്‍നിന്ന് ബലമായി കൊണ്ടുപോയി കയ്യും കാലും വെട്ടിമാറ്റി കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നഗരത്തിലെ ഗൂണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. പ്രതി സോജുവിന്റെ എതിർ സംഘാംഗമായിരുന്നു കൊല്ലപ്പെട്ട ജെറ്റ് സന്തോഷ്. 2016ലായിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി രണ്ടു പ്രതികൾക്ക് വധശിക്ഷയും, അഞ്ച് പ്രതികൾക്ക് തടവും വിധിച്ചത്.