ഉരുൾ പൊട്ടി നാമാവശേഷമായ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും തിരച്ചിൽ അവസാനഘട്ടത്തിൽ. ചൂരൽമല വെള്ളാർമല സ്കൂൾ പരിസരത്ത് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ഇറക്കി പരിശോധന തുടങ്ങി. കാണാതായവരുടെ ആദ്യപട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
ചൂരൽമല വില്ലേജ് ഓഫീസിന് സമീപം രണ്ടു മൃതദേഹങ്ങളും വെള്ളാർമല സ്കൂളിൽ ശരീരഭാഗവും ഇന്നലെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആഴത്തിലുള്ള തിരച്ചിൽ നടത്തുന്നത്. 9 മണ്ണുമാന്തി യന്ത്രങ്ങളാണ് ഇവിടെ മാത്രം തിരയുന്നത്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും രാവിലെത്തന്നെ സൈന്യവും മറ്റു സംഘങ്ങളും തിരച്ചിൽ തുടങ്ങി.
വനത്തിലെ ദുര്‍ഘടമേഖലയില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. സൂചിപ്പാറയ്ക്കും പോത്തുകല്ലിനുമിടയില്‍ സണ്‍റൈസ് വാലിയില്‍ സൈന്യത്തിന്റെയും വനംവകുപ്പിന്റെയും പ്രത്യേക ദൗത്യസംഘമാണ് തിരച്ചില്‍ നടത്തുന്നത്. ഹെലികോപ്റ്ററില്‍ ദൗത്യസംഘത്തെ വനമേഖലയിലെത്തിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ എയര്‍ലിഫ്റ്റ് ചെയ്യും.