ആറു ദിവസത്തെ ഇടവേളക്ക് ശേഷം വയനാട് ജില്ലയിലെ സ്കൂളുകൾ തുറന്നു. ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കാത്ത മുഴുവൻ സ്കൂളുകളിലും ഇന്ന് കുട്ടികളെത്തി. ദുരന്തഭൂമിയോട് ഏറ്റവും അടുത്ത നെടുമ്പാല എൽ.പി സ്കൂളും ഇന്ന് പ്രാർത്ഥനയോടെ തുറന്നു.
മഴ ശക്തിപ്പെടുമ്പോൾ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. 29 ന് അവധി കണ്ടപ്പോൾ കുട്ടികളും രക്ഷിതാക്കളും അങ്ങനെ തന്നെയാകും കരുതിയത്. പക്ഷെ ഒരു മഹാ ദുരന്തത്തിനു മുമ്പുള്ള അവധിയാണെന്ന് പിന്നീടറിഞ്ഞു. ആറു ദിവസത്തിനു ശേഷം ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറന്നു. ദുരന്തഭൂമിയോട് ഏറ്റവും അടുത്ത നെടുമ്പാല എൽ പി സ്കൂളിൽ ഇന്ന് കുട്ടികളെത്തിയത് വേദനയോടെയാണ്. ക്യാംപുകൾ പ്രവർത്തിക്കുന്നതിനാൽ മേപ്പാടി പഞ്ചായത്തിലെ മറ്റു സ്കൂളുകൾ തുറന്നിട്ടില്ല. പിഞ്ചു കുട്ടികൾ ഒരുപാട് അപകടത്തിൽ പെട്ട കാര്യം അവർ പരസ്പരം ചർച്ച ചെയ്തു. ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തി.
ആയിരത്തോളം കുട്ടികൾ പഠിച്ചിരുന്ന വെള്ളാർമല സ്കൂൾ തകർന്ന കാര്യവും കുട്ടികളറിഞ്ഞിട്ടുണ്ട്. സ്കൂളിലെ ഒരു കുട്ടിയുടെ മാതാവും കൈകുഞ്ഞും അപകടത്തിൽ പെട്ടിട്ടുണ്ട്. ആ ഒരു അലട്ടലും കുട്ടികളിൽ കാണാം.