high-court-hema-committee-r

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഒരാഴ്ചത്തേക്കാണ് സ്റ്റേ. സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് . റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കെയാണ് ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവ് സജിമോനാണ് ഹര്‍ജി നല്‍കിയത്. സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡേയുെട നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട് പരിശോധിച്ച ശേഷമാണ് 295 പേജുകളില്‍ 62 പേജുകള്‍ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാൻ തീരുമാനിച്ചത്. ഒഴിവാക്കുന്ന പേജുകള്‍ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടുതലും നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികളാണ്.  ഇവര്‍ കമ്മിഷനു മുന്നില്‍ മൊഴി നല്‍കിയത് പുറത്തു പോകരുതെന്ന നിബന്ധനയോടെയാണെന്നും, അതുകൊണ്ടു തന്നെ സര്‍ക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നു റിപ്പോര്‍ട് കൈമാറുമ്പോള്‍ ജസ്റ്റിസ്  ഹേമ സര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു.  

 

പരാതികളിലും മൊഴികളിലും വസ്തുപരമായി പരിശോധന നടത്തിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിലെ നിജസ്ഥിതി ബോധ്യപ്പെടുകയുള്ളുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി മൊഴികള്‍ ഒപ്പം ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ ചില പേജുകള്‍ പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ പേജുകളിലെ ഖണ്ഢിക മാത്രമായും ഒഴിവാക്കുന്നുണ്ട്.  സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷനുകള്‍, അനുബന്ധ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് ഹൈക്കോടതിയില്‍ വിരമിച്ച ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിഷനെ നിയോഗിച്ചത്.

ENGLISH SUMMARY:

The High Court has temporarily stopped the release of the Hema Committee report