എറണാകുളം ചിറ്റൂരില്‍ റോഡിലൂടെ കാറില്‍ വലിച്ചുക്കൊണ്ടുപോയെന്ന യുവാവിന്‍റെ ആരോപണം തെറ്റെന്ന് കാര്‍ യാത്രക്കാര്‍. തങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് കാറില്‍ പിടുത്തമിട്ടതാണെന്നും കോട്ടയം സ്വദേശി പറഞ്ഞു. ഭാര്യയുടെ വസ്ത്രം വലിച്ചുകീറാന്‍ നോക്കിയെന്നും താലിമാല പൊട്ടിച്ചെന്നും ഇവര്‍ പരാതിപ്പെടുന്നു.
റോഡിലെ ചെളി തെറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലും മര്‍ദനത്തിലും തങ്ങളുടെ ഭാഗം വിശദീകരിക്കുകയാണ് ആരോപണവിധേയരായ ദമ്പതിമാര്‍. സ്കൂട്ടറില്‍ സഞ്ചരിച്ച അക്ഷയ് ആണ് ആക്രമണം തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. കാറില്‍ നിന്നെടുത്ത വിഡിയോയില്‍ ഇത് വ്യക്തമാണെന്നും പ്രാണരക്ഷാര്‍ഥം കാര്‍ മുന്നോട്ടെടുത്തപ്പോള്‍ അക്ഷയ് വാഹനത്തില്‍ പിടുത്തമിട്ടതുമാണെന്നുമാണ് ഇവരുടെ വാദം. തെളിവായി വിഡിയോ ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്.
സംഭവത്തിനു ശേഷം കാറിലുണ്ടായിരുന്ന മൂന്നുപേരും ആശുപത്രിയില്‍ ചികില്‍സ തേടി. കമ്പികൊണ്ട് കാര്‍ തകര്‍ക്കാന്‍ ശ്രമമുണ്ടായെന്നും തങ്ങള്‍ക്ക് ഭീഷണികളുണ്ടെന്നും ഇവര്‍ പറയുന്നു.
അക്ഷയ്‌യുടെയും, കാര്‍ യാത്രക്കാരുടെയും പരാതികളില്‍ ചേരാനെല്ലൂര്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുകൂട്ടരുടെയും മൊഴികളെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.