nipah-dead-body

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ എത്തിയില്ല. കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗമാണ് മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി മലപ്പുറം ഡിഎംഒയ്ക്ക് കൈമാറിയത്. 

 

മലപ്പുറം സ്വദേശിയായ കുട്ടിയുടെ മൃതദേഹം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കണ്ണംപറമ്പിൽ കബറടക്കനാണ് ആദ്യം തീരുമാനിച്ചത്. തുടർന്നാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ കോർപ്പറേഷനോട് കബറടക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് കുടുംബത്തിന്‍റെ ആഗ്രഹ പ്രകാരം കബറടക്കം മലപ്പുറത്തേക്ക് മാറ്റി. ഇതോടെ കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പായിരുന്നു മൃതദേഹം ഏറ്റുവാങ്ങേണ്ടത്.

എന്നാൽ ആരോഗ്യവകുപ്പ് അധികൃതർ ആരും മെഡിക്കൽ കോളേജിൽ എത്തിയില്ല. ഇതോടെയാണ് കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം മൃതദേഹം ഏറ്റുവാങ്ങിയത്. ഹെൽത്ത് ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ, മൂന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ അടങ്ങുന്ന സംഘമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാർ മൃതദേഹം കൊണ്ടുപോകുന്ന ആംബുലൻസിനെ അനുഗമിക്കുകയും ചെയ്തു. മലപ്പുറം‌ ഡിഎംഒയ്ക്ക് മൃതദേഹം കൈമാറി രസീതും വാങ്ങിയാണ് കോർപ്പറേഷൻ ആരോഗ വിഭാഗം മടങ്ങിയത്.

ENGLISH SUMMARY:

Kozhikode district health department officials did not come to receive the body of the child who died due to Nipah.