കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മദ്രസയില്‍നിന്ന് പോയ കുട്ടികള്‍ക്ക് മുന്നിലേക്ക് മതിലിടിഞ്ഞ് വീണു. കുട്ടികള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വിഡിയോ കാണാം.
അതേസമയം, കണ്ണൂരിൽ കനത്ത മഴയിൽ കാർ ഒഴുക്കിൽപ്പെട്ടു. മട്ടന്നൂരിന് സമീപം കൊട്ടാരം - പെരിയത്തിൽ റോഡിലാണ് ആഡംബര കാർ വെള്ളത്തിൽ മുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി. മട്ടന്നൂർ - മണ്ണൂർ പാതയിലെ നായിക്കാലിയിൽ റോഡ് ഇടിഞ്ഞു പുഴയിലേക്ക് വീണു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. കനത്ത മൂടൽമഞ്ഞ് കാരണം കുവൈത്തിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂരിൽ ഇറക്കാൻ ആവാതെ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു.
മഴക്കെടുതിയില്‍ ഇന്ന് ഒരാള്‍ മരിച്ചു. മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിസ്ക് മണ്ഡികയാണ് മരിച്ചത്.
കോഴിക്കോട് കല്ലാച്ചിയില്‍ കനത്തമഴയില്‍ വീട് തകര്‍ന്നു. കക്കുഴി പറമ്പത്ത് നാണുവിന്‍റെ വീടാണ് തകര്‍ന്നത്. ആളപായമില്ല.
പാലക്കാട് മംഗലംഡാമില്‍ വ്യാപാരഭവന്‍റെ മുകളില്‍ മരംവീണ് കെട്ടിടം തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെട്ടു. ഓഫിസ് തുറക്കുന്നതിന് മുന്‍പായതിനാല്‍ അത്യാഹിതം ഒഴിവായി
തൃശൂര്‍ ചെമ്പുക്കാവില്‍ റോഡിലെ വൈദ്യുതി പോസ്റ്റിലേക്ക് തെങ്ങ് വീണു. റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്.
കനത്ത മഴയില്‍ ആദിവാസി കോളനിയുടെ പിന്‍ഭാഗത്തെ കുന്ന് ഇടിയുമെന്ന ആശങ്കയില്‍ മലപ്പുറം പോത്തുകല്ലില്‍ ആദിവാസികള്‍ പ്രതിേഷധിച്ചു.