rain-school-holiday

TOPICS COVERED

കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകം. നാളത്തെ മഴ കഴിഞ്ഞാൽ ഉടൻ അടുത്ത ന്യൂനമർദ്ദം വെള്ളിയാഴ്ച രൂപപ്പെടുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ തൃശൂരിൽ പറഞ്ഞു. തൃശൂർ മുതൽ കാസർകോട് വരെ മഴ വീണ്ടും തുടരും. ഇടുക്കിയിലും മഴയുണ്ടാകും. സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കലക്ടർമാർ തീരുമാനിക്കണം. ഒന്നിൽ കൂടുതൽ ദിവസങ്ങൾ അവധി നൽകുന്നുണ്ടെങ്കിൽ പൊതു വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കണം. സംസ്ഥാനത്തെ ജില്ലാ കലക്ടർമാരുടെ യോഗത്തിനുശേഷം തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കോഴിക്കോട് ജില്ലയില്‍  അവധി

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (17-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

 

വയനാട് ജില്ലയില്‍ അവധി

വയനാട് ജില്ലയിൽ  ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ നാളെ  (17-07-2024,ബുധനാഴ്ച) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. മോഡൽ റസിഡൻഷ്യൽ (MRS), നവോദയ സ്കൂളുകൾക്ക് അവധി ബാധകമല്ല.

 

പാലക്കാട് ജില്ലയില്‍ അവധി

കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 17.07.2024 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ, മദ്രസകൾ, കിൻഡർ ഗാർട്ടനുകൾ എന്നിവ  ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.

ഇടുക്കി ജില്ലയില്‍ അവധി 

 

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്,  മണ്ണിടിയുന്നത് മൂലം റോഡ് ബ്ലോക്ക്,  മുതലായ സാഹചര്യം നിലനിൽക്കുന്നതിനാലും, 17 -7 -2024 ന് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുന്നതാണ്. അങ്കണവാടികൾ, മദ്രസ,  കിൻഡർ ഗാർഡൻ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കുന്നതല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

ആലപ്പുഴ ജില്ലയില്‍ അവധി 

ശക്തമായ മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് ഇത് ബാധകമല്ല.

തൃശൂര്‍ ജില്ലയില്‍  അവധി

 

ജില്ലയിൽ മഴയും പല സ്ഥലങ്ങളിൽ വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലും മണ്ണിടിച്ചിലിനുള്ള സാധ്യതയും   കണക്കിലെടുത്ത് നാളെ (ജൂലൈ 17) ബുധനാഴ്ച ജില്ലയിലെ  പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.  പൂർണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

കണ്ണൂര്‍ ജില്ലയില്‍ അവധി

കണ്ണൂർ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ  നാളെ അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി  സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 17, 2024 ബുധനാഴ്ച) ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.  കോളജുകൾക്ക് നാളത്തെ അവധി ബാധകമല്ല.  മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

കോട്ടയം ജില്ലയിൽ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( ജൂലൈ 17)  അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

അതേസമയം, മഴക്കെടുതിയില്‍ വടക്കന്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. വയനാട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പാലക്കാട് വീടിന്‍റെ ചുമരിടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചു.  അലനല്ലൂരില്‍ കാണാതായ ആളുടെ മൃതദേഹം മലപ്പുറം മേലാറ്റൂരില്‍ കണ്ടെത്തി. കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയും വയോധികനും മരിച്ചു. മഴ കനത്തതോടെ പാലക്കാട്ടെ മലയോരമേഖലയിലേയ്ക്കുള്ള രാത്രിയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 

വയനാട് ചീയമ്പം കോളനിയിലെ 32 കാരനായ സുധനാണ് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. വീട്ടില്‍ നിന്ന് വയലിലൂടെ നടന്നുവരികയായിരുന്നു സുധന്‍. ഷോക്കേറ്റതിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട് അലനല്ലൂര്‍ വെള്ളിയാറില്‍ കാണാതായ ആളുടെ മൃതദേഹം മലപ്പുറം മേലാറ്റൂര്‍ പുഴയില്‍ നിന്ന് കിട്ടി. അലനല്ലൂര്‍ സ്വദേശി യൂസഫ് ആണ് മരിച്ചത്. പാലക്കാട് കണ്ണമ്പ്രയില്‍ വീടിന്‍റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു. വീട് അപകടഭീഷണിയിലാതിനാല്‍ ഇരുവരോടും മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 

മഴ കനത്തതോടെ പാലക്കാടിന്‍റെ മലയോര മേഖലകളിലേയ്ക്കുള്ള രാത്രിയാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ജൂലൈ 21 വരെയാണ് നിയന്ത്രണം. കോഴിക്കോട് നാദാപുരത്ത് വെള്ളക്കെട്ടില്‍ വീണ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തകര്‍ന്നു. വെള്ളൂര്‍, കോട്ടമ്പ്രം സ്വദേശികളായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കൊയിലാണ്ടി കോടതി കെട്ടിടത്തിന്‍റെ മുകളിലേയ്ക്ക് മരംകടപുഴകി വീണെങ്കിലും ആളപായമുണ്ടായില്ല. കോടഞ്ചേരി യാക്കോബായ പള്ളിയുടെ പിന്‍ഭാഗത്ത് മണ്ണിടിഞെങ്കിലും പരിസരത്ത് ആരും ഇല്ലാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി. കോഴിക്കോട് മാവൂരില്‍ വെള്ളം കയറിയ മൂന്ന് വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. 

കനത്തമഴയില്‍ മധ്യകേരളത്തിലും വ്യാപകനാശനഷ്ടമാണ്. തൃശൂരില്‍ തെങ്ങുവീണ് വീടുതകര്‍ന്ന് മൂന്നുപേര്‍ക്ക് പരുക്കേറ്റു പലയിടത്തും മരം വീണും മണ്ണിടിഞ്ഞും വീടുകള്‍ക്ക് കേടുപാടുണ്ടായി. പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം വെള്ളത്തിലായി. ഏലൂര്‍ ബോസ്കോ കോളനിയിലും പെരിയാര്‍ കരകവിഞ്ഞ് വെള്ളം കയറി.  

ഇടവിട്ടുപെയ്യുന്ന കനത്തമഴയിലാണ് വ്യാപകനാശമുണ്ടായത്. തൃശൂര്‍ തളിക്കുളം നമ്പിക്കടവ് സ്വദേശി വലിയകത്ത് ആലിമുഹമ്മദിന്റെ വീടിന്റെ മുകളിലേക്ക് പുലർച്ചെ തെങ്ങ് വീണ് മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന ആലിമുഹമ്മദിന്റെ ഭാര്യ നഫീസ, മകൻ ഷക്കീർ, മരുമകൾ റജുല എന്നിവരുടെ മേല്‍ ഓട് തകര്‍ന്നുവീണു. മൂവരുടെയും പരുക്ക് സാരമുള്ളതല്ല. തൃശൂര്‍ ഒല്ലൂര്‍ ചീരാച്ചി വളവില്‍  നിര്‍ത്തിയിട്ട രണ്ട് കാറുകളുടെ മുകളിലേക്ക് മരം വീണു. ഇടുക്കിയില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായിടത്ത് ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു. 

കല്ലാര്‍കുട്ടി ഡാമിന്‍റെ നാലു ഷട്ടറുകള്‍ ഉയര്‍ത്തിയ നിലയിലാണ്. എറണാകുളം കുന്നത്തുനാട് വാഴക്കുളം കല്ലേലിമൂലയില്‍ മൂന്നുവീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് തോട്ടാളി നബിസയുടെ വീടിനും കിണറിനും കേടുപാടുണ്ടായി. സംരക്ഷണഭിത്തി ഇടിഞ്ഞുവീണ മൂന്നുവീടുകള്‍ക്കും ബലക്ഷയമുണ്ട്. കുന്നത്തുനാട് മുടക്കുഴയില് കൊരുമ്പ്മഠം നാരായണന് നായരുടെ വീട്ടിലെ കിണര് ഇടിഞ്ഞുതാഴ്ന്നു. കുന്നത്തുനാട് പുളിഞ്ചോട് അതിഥി തൊഴിലാളികള് താമസിക്കുന്ന കെട്ടിടത്തിലേക്ക് മണ്ണിടിഞ്ഞുവീണു, ആര്ക്കും പരുക്കില്ല. മട്ടാഞ്ചേരയില്‍ പുരാതന കെട്ടിടത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു, അവശേഷിക്കുന്ന ഭാഗവും അപകടാവസ്ഥയിലാണ്.  ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പെരുമ്പാവൂര്‍ കീഴില്ലം മാനാറി റോഡിലേക്ക് മരം വീണ് ഒരു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. പെരിയാറില്‍ ജലനിരപ്പുയര്‍ന്നു, ആലുവ ക്ഷേത്രത്തിലും മണപ്പുറത്തും വെള്ളംകയറി. ഏലൂര്‍ ബോസ്കോ കോളനിയിലെ വീടുകളിലും വെള്ളംകയറി. 

രണ്ടു ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പ്രളയ സാഹചര്യമില്ലെന്നും മഴക്കെടുതി നേരിടാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ.രാജന്‍. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്‍ കാന്‍റീന്‍ മേല്‍ക്കൂര മരച്ചില്ല വീണ് തകര്‍ന്നു, ആര്‍ക്കും പരുക്കില്ല. ചില വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. രണ്ടു ദിവസത്തിനിടെ ആലപ്പുഴയില്‍ തകര്‍ന്നത് 88 വീടുകളാണ്. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നെങ്കിലും അപകട സ്ഥിതിയില്ല.

കനത്ത മഴയിൽ  തിരുവനന്തപുരത്ത് മതിലിടിഞ്ഞ് സ്ത്രീയ്ക്ക് പരുക്കേറ്റു. ചുഴലിക്കാറ്റിൽ പത്തനംതിട്ട പന്തളത്ത് പത്തിലധികം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. മരങ്ങൾ വീണ്  ജില്ലയിൽ 28 വീടുകൾക്ക് കേടുപാടുണ്ട്. അപ്പർ കുട്ടനാട്ടിൽ നദികളിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി.  

തിരുവനന്തപുരം കുറവൻകോണത്തെ ഹോട്ടലിന്റെ മതിലിടിഞ്ഞ് വീണ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീക്ക് പരുക്കേറ്റു.  വിതുര–ബോണക്കാട് റോഡില്‍ മരംവീണ്  ഏക കെഎസ്ആർടിസി ബസ് അടക്കം രണ്ടു മണിക്കൂറോളം കുടുങ്ങി. ഇന്നലെ വൈകിട്ടത്തെ ചുഴലിക്കാറ്റിലാണ് പത്തനംതിട്ട പന്തളം നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡിൽ പത്തിലധികം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞത്. അഞ്ചു വീടുകൾക്ക് മുകളിൽ മരം വീണു. 

മൂഴിയാർ അണക്കെട്ടിന്റെ ഇന്നലെ രാത്രി ഉയർത്തിയ ഒരു ഷട്ടർ താഴ്ത്തി.  അരയാഞ്ഞിലിമൺ, കുറുമ്പൻമുഴി കോസ് വേകൾ ഈ മഴക്കാലത്ത് മൂന്നാം വട്ടവും മുങ്ങി. വെള്ളം കയറിയതോടെ  റാന്നി കോഴഞ്ചേരി റോഡിലെ പുതമൺ താൽക്കാലിക പാലത്തിലെ ഗതാഗതം നിരോധിച്ചു. മരം വീണ് തിരുവല്ല തലവടി സ്വദേശികളായ കുസുമകുമാരി, വർക്കി തരിയിൽ എന്നിവരുടെ വീടുകൾക്ക് കേടുപാടുകൾ പറ്റി. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന കുസുമകുമാരിയും രണ്ടു വയസ്സുകാരി ചെറുമകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

കിഴക്കൻ വെള്ളത്തിൻ്റെ വരവ് ശക്തമായി തുടരുന്നതിനാൽ പമ്പ, മണിമല, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നു.  വീടുകളിലേക്ക് വെള്ളം കയറിയിട്ടില്ല. കൊല്ലം ജില്ലയിൽ ഇടവിട്ട് ശക്തമായ മഴയുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഇല്ല