karyavattom-campus

TOPICS COVERED

കേരളസർവകലാശാല കാര്യവട്ടം ക്യാംപസിൽ എസ്.എഫ്.ഐ. പ്രവർത്തകർ കെ.എസ്.യു. പ്രവർത്തകനെ ആക്രമിച്ചെന്ന പരാതിയെ തുടർന്ന് വിദ്യാർഥി സംഘടനകൾക്ക്  നിയന്ത്രണങ്ങൾ‍ ഏർപ്പെടുത്താൻ സർവകലാശാല.  പുതിയ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ വലിയ സന്നാഹങ്ങളോ കൂട്ടംകൂടലോ ഇനിമുതൽ അനുവദിക്കില്ല. നിരീക്ഷണ കാമറകളുടെ ശൃംഘല സ്ഥാപിക്കാൻ രണ്ടുകോടി രൂപ അനുവദിക്കും, . അധ്യാപക സമിതി തയാറാക്കിയ റിപ്പോർട്ട് റജിസ്ട്രാർ വിസിക്ക് കൈമാറി.

 

സംഘർഷം ഉണ്ടായ ദിവസം എസ്.എഫ്.ഐയുടെയും കെ.എസ്.യുവിൻറെയും ഏറെ പ്രവർത്തകർ കാര്യവട്ടം ക്യാംപസിൽ ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സമിതി കണ്ടെത്തിയിരിക്കുന്നത്. ക്യാംപസിലേക്കെത്തുന്ന പുതിയ ഓണേഴ്സ് വിദ്യാർഥികളെ ഉൾപ്പെടെ സ്വാഗതം ചെയ്യാൻ എസ്.എഫ്.ഐയും കെ.എസ്.യുവും വലിയ ഒരുക്കങ്ങൾ നടത്തി. ഇരു സംഘടനകളുടേയും പ്രവർത്തകരും രാവിലെ മുതൽ അവിടെ ഒത്തുചേർന്നു. വിദ്യാർഥികൾ തമ്മിൽ  ഉണ്ടായ വാക്കുതർക്കമാണ് പിന്നീട് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നും അല്ലാതെ ആസൂത്രിതമായ ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് അധ്യാപക സമിതിയുടെ കണ്ടെത്തൽ. 

ഒരു ഗവേഷക വിദ്യാർഥിയുടെ മുറിയിലാണ് കെ.എസ്.യു. പ്രവർത്തകനെ കൊണ്ടുപോയത്. അത് ഇടിമുറിയല്ലെന്നും റിപ്പോർട്ട് പറയുന്നു. ഈ കണ്ടെത്തലുകൾ കെ.എസ്.യു. അംഗീകരിക്കാൻ ഇടയില്ല. ഏതായാലും വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർവകലാശാലയുടെ തീരുമാനം. പുതിയ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ വലിയ പരിപാടികളും കൂട്ടംകൂടലും വേണ്ടന്ന നിർദേശമാണ് ഉയർന്നിട്ടുള്ളത്. വിദ്യാർഥിസംഘടനകളോട് മിതത്വം പാലിക്കാൻനിർദേശിക്കും. 

കാര്യവട്ടം ക്യാംപസ് വിസ്തൃതമായ പ്രദേശമാണ്. പല ഹോസ്റ്റലുകളും പഠന വകുപ്പുകളും ഒറ്റപ്പെട്ട നിലയിലുമാണ്. മുഴുവൻ ക്യാംപസിലും സിസിടിവി ശൃംഘല സ്ഥാപിക്കും. രണ്ടുകോടി രൂപ ഇതിനായി മാറ്റിവെക്കും. ഇതു നടപ്പാക്കാൻ ഉടൻ നടപടികളുണ്ടാകും. അധ്യാപക സമിതിയുടെ റിപ്പോർട്ട് വൈസ് ചാൻസലർക്ക് കൈമാറിയിട്ടുണ്ട്. കൂടുതൽ അന്വേഷണം വേണമോ എന്നുള്ളതുൾപ്പെടെ വിസി തീരുമാനിക്കും. 

ENGLISH SUMMARY:

University to introduce regulations om student organizations at the Karyavattom campus