ഓട്ടിസം ബാധിതനായ കുട്ടിയെ സർക്കാർ സ്കൂളിൽ നിന്ന് നിർബന്ധിപ്പിച്ച് പുറത്താക്കി പ്രിൻസിപ്പല്‍. തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എച്ച്.എസ് എല്‍.പി.എസിൽ നിന്നാണ് മണക്കാട് സ്വദേശിയായ ദമ്പതികളുടെ മകനെ പുറത്താക്കിയത്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടി സ്കൂളിൽ തുടരുന്നത് സ്കൂളിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം.
സ്കൂളിൽ നടന്ന പൊതുപരിപാടിയിൽ കുട്ടി ഒച്ചയുണ്ടാക്കിയതാണ് പ്രിൻസിപ്പലിനെ ആദ്യം ചൊടിപ്പിച്ചത്. പിന്നീട് അടുത്ത ദിവസം തന്നെ കുട്ടിയുടെ അമ്മയെ വിളിച്ച് കുട്ടിയുടെ ടി.സി വാങ്ങാൻ നിർബന്ധിച്ചു. സർക്കാരിന്റെ ഭാഷയിൽ സ്കൂളുകളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന ഓട്ടിസം ബാധിതരായ വിദ്യാർത്ഥിക്ക് തന്നെയാണ് ഈ ദുരനുഭവം. കുട്ടി സ്കൂളിൽ തുടരുന്നത് സ്കൂളിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. ടി സി വാങ്ങാൻ 3 മാസം സമയം ചോദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ നടപടി ഉണ്ടാകണം എന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി.
ദൂരപരിധിയാണ് ട്രാൻസ്ഫർ വാങ്ങിപ്പോകാൻ കാരണമെന്നും ടിസി അപേക്ഷയിൽ ചേർക്കാൻ പ്രിൻസിപ്പല് കുട്ടിയുടെ അമ്മയെ നിർബന്ധിപ്പിച്ചതായാണ് പരാതി. സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയപ്രകാരം ഏകീകൃത സമീപനമാണ് സ്കൂളുകളിൽ നടപ്പാക്കേണ്ടത്. എന്നാൽ മാതൃകയാകേണ്ട അധ്യാപകർ തന്നെ പുറംതിരിക്കുമ്പോൾ നീതിക്കായി കേഴുകയാണ് ഒരു സമൂഹം.