Calicut-selected-as-city-of-literature

TOPICS COVERED

കോഴിക്കോട് ഇനി സാഹിത്യനഗരം. കോഴിക്കോട്ട് നടന്ന ചടങ്ങില്‍ മന്ത്രി എം.ബി.രാജേഷ് ആണ് ലോകത്തെ 54-ാമതെയും രാജ്യത്തെ ആദ്യ യുനെസ്കോ സാഹിത്യനഗരമായും കോഴിക്കോടിനെ പ്രഖ്യാപിച്ചത്. ചടങ്ങില്‍ പങ്കെടുക്കാതെയിരുന്ന എം.ടി.വാസുദേവന്‍ നായര്‍ക്ക് വജ്രജൂബിലി പുരസ്കാരം വീട്ടിലെത്തി സമ്മാനിച്ചു.  

അക്ഷരലോകത്തിന് അംഗീകാരത്തിന്‍റെ പൊന്‍തൂവലായി മാറി ഞായറാഴ്ചയുടെ സായാഹ്നം. സാഹിത്യ – സാംസ്കാരിക പ്രമുഖരെയും നിറഞ്ഞ സദസിനെയും സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. സാഹിത്യനഗരം ലോഗോയും വെബ്‌സൈറ്റും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രകാശിപ്പിച്ചു.

ഇനി മുതല്‍ എല്ലാ വര്‍ഷവും ജൂലായ് 23 സാഹിത്യനഗര ദിനമായി ആഘോഷിക്കും. അതിന് പുറമെ ആറ് വിഭാഗങ്ങളിലായി സാഹിത്യ നഗര പുരസ്കാരം നല്‍കുമെന്നും മേയര്‍ പ്രഖ്യാപനവേദിയില്‍ പറഞ്ഞു. 2023 ഒക്ടോബറിലാണ് സാഹിത്യനഗരമായി യുനെസ്കോ അംഗീകരിച്ചത്.

അതേസമയം കോര്‍പറേഷന്‍ വജ്ര ജൂബിലി പുരസ്കാരജേതാവ് കൂടിയായ എം.ടി.വാസുദേവന്‍ നായര്‍ ചടങ്ങില്‍ വിട്ടുനിന്നതും ചര്‍ച്ചയായി. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് എം.ടി പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് കോര്‍പ്പറേഷന്‍റെ വാദം. മന്ത്രിയും മേയറും എം.ടിയുടെ വീട്ടിലെത്തി പുരസ്കാരം സമ്മാനിച്ചു.

കേരള ലിറ്റ്റേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഭരണത്തെ എം.ടി. വിമര്‍ശിച്ചിരുന്നു. ഇതാണ് സാഹിത്യനഗരപ്രഖ്യാപനത്തില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നതെന്നയാരിന്നു യുഡിഎഫിന്‍റെ ആരോപണം

ENGLISH SUMMARY:

Kozhikode known for its rich cultural heritage, was on Sunday officially declared as India's first UNESCO 'City of Literature'.