kollam-son-arrest

ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാന്‍ വെള്ളം കോരി നല്‍കാത്തതിന് പ്രായമായ അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ സ്വദേശി കുലുസം ബീവി(67)യുടെ ഇടതുൈകയാണ് മകന്‍ തല്ലിയൊടിച്ചത്. കുലുസം ബീവിയുടെ പരാതിയില്‍ മകന്‍ നസിറുദ്ദീനെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ജൂണ്‍ പതിനാറിനാണ് സംഭവം. 

 

വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ മകന്‍ കുലുസം ബീവിയോട് ഭക്ഷണം ആവശ്യപ്പെട്ടു. അമ്മ വിളമ്പി നല്‍കുകയും ചെയ്തു. ഇറച്ചിക്കറിയില്‍ നെയ്യ് കൂടിപ്പോയെന്ന് ആരോപിച്ച് നസറുദ്ദീന്‍ അസഭ്യ വര്‍ഷം തുടങ്ങി. ഇതിന് പിന്നാലെയാണ് കഴിച്ചെഴുന്നേറ്റ ശേഷം വെള്ളം ആവശ്യപ്പെട്ടത്. ഈ സമയം കുലുസം ബീവി വീടിനുള്ളില്‍ കട്ടിലില്‍ ഇരിക്കുകയായിരുന്നു. അമ്മയെ കയ്യില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ച നസറുദ്ദീന്‍ കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ ആക്രോശിച്ചു. കുലുസം ബീവി വെള്ളം കോരി നല്‍കിയെങ്കിലും വൈകിയെന്ന് പറഞ്ഞ് നിലത്ത് കിടന്ന വിറകെടുത്ത് ഇടതുകൈ തല്ലി ഒടിക്കുകയായിരുന്നു. 

നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുലുസം ബീവിയെ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അടുക്കളയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും പാത്രങ്ങളും നസിറുദ്ദീന്‍ തകര്‍ത്തു. കടയ്ക്കല്‍ പൊലീസ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ENGLISH SUMMARY:

Son attacked mother with wooden piece for not bring him water to wash his hands arrested by police. Kollam Kadakkal police charged non-bailable offcences on him.