പ്രതീക്ഷകളോടെ ജോലിയില്‍ പ്രവേശിച്ച് അഞ്ചാം ദിവസമാണ് ഇത്തിത്താനം കിഴക്കേടത്ത് പ്രദീപ് ദീപ ദമ്പതികളുടെ മകന്‍ പി ശ്രീഹരി കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ശ്രീഹരി ഈ മാസം എട്ടിനാണ് കുവൈത്തിലെ എന്‍ബിടിസി സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലിയില്‍ പ്രവേശിക്കാന്‍ നാട്ടില്‍ നിന്നു തിരിച്ചത്. അച്ഛന്‍ പ്രദീപ് അതേ കമ്പനിയുടെ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറാണ്. ഇരുവരും അടുത്തടുത്ത ഫ്ലാറ്റിലായിരുന്നു താമസം.
തീപിടിത്തമറിഞ്ഞ് സ്ഥലത്തെത്തിയ അച്ഛന്‍ മകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ പുലര്‍ച്ചെ ആശുപത്രി മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അര്‍ജുന്‍, ആനന്ദ് എന്നിവരാണ് ശ്രീഹരിയുടെ സഹോദരങ്ങള്‍.
24 മലയാളികളുടെ ജീവനാണ് കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നഷ്ടമായത്. എല്ലാവരുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ പ്രത്യേക ആംബുലന്‍സുകളിലാണ് നാട്ടിലേക്കെത്തിക്കുന്നത്. ഇന്നും നാളെയും അടുത്തടുത്ത ദിവസങ്ങളിലുമായാണ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പ്രിയപ്പെട്ടര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായെത്തുകയാണ്.