കുവൈത്ത് തീപിടിത്ത ദുരന്തത്തില്‍ മരിച്ച തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മന്റെ അമ്മാവന്‍ മോന്‍സിക്ക് പറയാന്‍ വാക്കുകളുണ്ടായിരുന്നില്ല. തോമസിന്റെ സുഹൃത്തൊരാള്‍ അമ്മാവനെ വിളിച്ചാണ് ദുരന്തവാര്‍ത്ത അറിയിച്ചത്. ഇന്നലെ രാവിലെ വിളിച്ച സുഹൃത്ത് അപ്പോള്‍ തന്നെ പറഞ്ഞ കാര്യങ്ങള്‍ കണ്ഠമിടറിയാണ് മോന്‍സി പറഞ്ഞു തീര്‍ത്തത്, ‘ചേട്ടാ ആളിനെ കിട്ടത്തില്ല. ഞാന്‍ വരുമ്പോള്‍ കാണുന്നത് തോമസ് തല പുറത്തേക്കിട്ട് ഒരിറ്റു ശ്വാസത്തിനായി ശ്രമിക്കുന്നതായിരുന്നു, പൊടുന്നനെ തീവന്ന് വിഴുങ്ങി ആള് അകത്തേക്കു വീഴുകയായിരുന്നു’ എന്നാണ് സുഹൃത്ത് വിളിച്ചുപറഞ്ഞത്. ഇത് കേട്ടതോടെ ഉണ്ടായിരുന്ന പ്രതീക്ഷകളെല്ലാം രാവിലെ തന്നെ അസ്തമിച്ചെന്നും മോന്‍സിയുടെ വാക്കുകളിലൂടെ വ്യക്തമായി.
എന്നും ഹായ് പറഞ്ഞും ബായ് പറഞ്ഞും ആനന്ദാശ്രു പൊഴിച്ചും പ്രിയപ്പെട്ടവരെ യാത്രയാക്കുന്ന കാഴ്ചകളാണ് കൊച്ചി വിമാനത്താവളം കണ്ടിട്ടുള്ളത്. വേര്‍പാടെങ്കിലും അതിനു സമയപരിധി ഉണ്ടായിരുന്നു. ചുരുങ്ങിയ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞാല്‍ ഒരു നല്ല വാര്‍ത്തയും നല്ല വിശേഷങ്ങളുമായി അവര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇന്നു കണ്ട കാഴ്ച ഇടനെഞ്ചു തകരുന്നതായിരുന്നു. സമ്പാദ്യവും സന്തോഷവും സമ്മാനവും കൊണ്ടല്ല, ഇനിയാ മുഖങ്ങള്‍ കാണാനൊരു അവസരം കൂടിയില്ലാത്തൊരു വരവ്. ഉറ്റവരെ തേടുന്ന ഒരു കണ്ണും പ്രിയപ്പെട്ടവരോട് ചിരിക്കുന്ന ഒരു മുഖവും ആ കൂട്ടത്തിലുണ്ടായിരുന്നില്ല. അവസാനമായി ആ മുഖങ്ങള്‍ കാണാന്‍ പോലും ഉറ്റവര്‍ക്കായില്ല. വേണ്ടായിരുന്നു ഇങ്ങനൊരു മടങ്ങിവരവ് പ്രിയപ്പെട്ടവരേ....
മരിച്ചവരുടെ മൃതദേഹങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളിലാണ് വീടുകളിലേക്കെത്തിച്ചത്. നാടും വീടും ബന്ധുക്കളും സുഹൃത്തുക്കളും ആ മടങ്ങിവരവ് കാണാന്‍ നിറകണ്ണുകളോടെ കാത്തിരുന്നു. പ്രിയപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വീടിനു ചുറ്റും വഴികളിലുമായി അവര്‍ നോക്കിനിന്നു. ഗള്‍ഫുകാരുടെ വരവ് ഇനിയൊരിക്കലും ഇങ്ങനെയാകരുതേയെന്ന പ്രാര്‍ത്ഥനയോടെയാണ് അവരോരോരുത്തരും ആ വഴികളില്‍ നിറകണ്ണുകളോടെ ക്ഷമയോടെ കാത്തിരുന്നത്.