കുവൈത്ത് തീപിടിത്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കാസർകോട് തൃക്കരിപ്പൂർ സ്വദേശി നളിനാക്ഷന്റെ ആരോഗ്യനില തൃപ്തികരമെന്ന് കുടുംബം. വിഡിയോ കോളിലൂടെ കുടുംബം നളിനാക്ഷനുമായി സംസാരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മുബാറകിയ ആശുപത്രിയിൽ ചികില്‍സയിലാണ് നളിനാക്ഷൻ. മൂന്നാംനിലയിൽ നിന്ന് താഴെയുള്ള വാട്ടർ ടാങ്കിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്.
ഉയർന്നുപൊങ്ങുന്ന തീഗോളങ്ങൾക്കും പുകച്ചുരുളുകൾക്കും ഇടയിൽനിന്ന് അൻപത്തിയെട്ടുകാരൻ നളിനാക്ഷൻ ചാടിയത് ജീവിതത്തിലേക്ക്. കെട്ടിടം കത്തിയെരിയുമ്പോൾ ജീവൻ മുറുകെപ്പിടിച്ച് മൂന്നാം നിലയിൽ നിന്ന് വാട്ടർ ടാങ്കിന് മുകളിലേക്ക് എടുത്തു ചാടി. വീഴ്ചയിൽ വാരിയല്ലിന് പൊട്ടലുണ്ടായി. താഴെ വീണ നളിനാക്ഷനെ തൊട്ടടുത്ത ഫ്ലാറ്റിൽ ഉള്ളവരാണ് ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് കുടുംബം. ഇത് രണ്ടാം ജന്മമെന്ന് ഭാര്യ ബിന്ദു.
അപകടം നടന്നത് നളിനാക്ഷന്റെ താമസസ്ഥലത്താണെന്ന് അറിഞ്ഞ് ബന്ധുക്കൾ പലതവണ ഫോണിലേക്ക് വിളിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. ആശങ്കയുടെ നിമിഷങ്ങൾ. ബുധനാഴ്ച വൈകിട്ടോടെ സുരക്ഷിതനാണെന്ന് ഫോൺകോൾ എത്തിയതോടെ ഒളവരയിലെ വീട്ടിൽ ആശ്വാസം അലയടിച്ചു. പത്തുവർഷത്തിലേറെയായി കുവൈത്തിൽ ജോലി ചെയ്യുന്ന നളിനാക്ഷൻ നാട്ടിലും വിദേശത്തും സന്നദ്ധ പ്രവർത്തനത്തിലും സജീവമാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം നളിനാക്ഷനെ നാട്ടിലെത്തിക്കാനാണ് ശ്രമം