sajan-george

TOPICS COVERED

കുവൈത്തിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സാജൻ ജോർജിന്‍റെ മരണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കുടുംബം. ഒരു മാസം മുൻപാണ് ജോലിക്കായി കുവൈത്തിലേക്ക് പോയത്. എംബിഎ ബിരുദധാരിയായ സാജൻ ദുരന്തമുണ്ടായ കമ്പനിയിലെ ജൂനിയർ കെമിക്കൽ എൻജിനീയറായിരുന്നു.  ‌

കൊല്ലം പുനലൂർ സ്വദേശിയായ സാജൻ, നരിയ്ക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ല പുത്തൻ വീട്ടിൽ ജോർജ് പോത്തന്റെയും വൽസമ്മയുടേയും മകനാണ്. 29 വയസ്സാണ് പ്രായം. ഏക സഹോദരി ആൻസി. മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ആരംഭിച്ച് ലഭിച്ച ആദ്യ ശമ്പളം വീട്ടിലേക്ക് അയച്ചിരുന്നുവെന്ന് പിതാവ് ജോര്‍ജ് പറഞ്ഞു. മകന്‍ പോയത് ഇന്ന് രാവിലെയാണ് അമ്മ വല്‍സമ്മ അറിഞ്ഞത്. 

 

കുവൈത്തിലെ മംഗഫില്‍ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ സാജന്‍ അടക്കം 24 മലയാളികളാണ് മരിച്ചത്, ആകെ മരണം 49. ഇതില്‍ 43 ഉം ഇന്ത്യക്കാരാണെന്നും അന്‍പത് പേര്‍ക്ക് പരുക്കേറ്റുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അപകടമുണ്ടായ സ്ഥലത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വീണ ജോര്‍ജ് യാത്ര തിരിക്കും. ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. 

ദുരന്തത്തില്‍പ്പെട്ട മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി. രാജീവും പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് ചികില്‍സ ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കും. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷവും നല്‍കും.

ENGLISH SUMMARY:

Mother came to know about the death of Sajan who died in kuwait builing fire this morning