സംസ്ഥാനത്താകെ കനത്ത മഴ തുടരുന്നു. ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. 6 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതിനിടെ സംസ്ഥാനത്ത് കാലവർഷം എത്തിയതായി ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. കഴിഞ്ഞ വര്‍ഷം എട്ട് ദിവസം വൈകിയാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്.
കനത്ത മഴയിൽ തിരുവനന്തപുരം എസ്.എസ് കോവിൽ റോഡിൽ, പഴയ കെട്ടിടം അപകടാവസ്ഥയിൽ. ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലുണ്ടായിരുന്ന 17 വിദ്യാർഥികളെ വൈ.എം.സി.എയിലേയ്ക്ക് മാറ്റി. കെട്ടിടം വീണാൽ അപകടമുണ്ടാകാൻ സാധ്യതയുള്ള സമീപത്തെ കെട്ടിടത്തിലും ഹോട്ടലിലും ഉള്ളവരോടും മാറാൻ ഫയർഫോഴ്സ് നിർദ്ദേശം നല്‍കി.
മറ്റു ജില്ലകളിലും മഴ സാരമായ നാശം വിതച്ചിട്ടുണ്ട്. കൊല്ലത്ത് രാത്രിയില്‍ ഇടവിട്ടുള്ള ശക്തമായ മഴ പെയ്തു. കൊല്ലം താലൂക്ക് പ്രദേശത്താണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. ഇതിനോടകം പതിമൂന്ന് ദുരിതാശ്വാസ ക്യാംപുകളിലായി 1600 പേരെ മാറ്റിപ്പാർപ്പിച്ചു. അതേസമയം കണിയാംതോട്ടിൽ കഴിഞ്ഞദിവസം ഒഴുക്കിൽപെട്ട് കാണാതായ തൃക്കോവിൽവട്ടം സ്വദേശി സലീമിനായുള്ള തിരച്ചിൽ തുടരുകയാണ്. ആര്യങ്കാവ് ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ മാത്രമാണ് മഴയ്ക്ക് അല്‍പം ശമനമുള്ളത്.
തൃശൂരിലും പെയ്തത് അതിശക്തമായ മഴ. നഗരത്തിലെ അശ്വിനി ആശുപത്രിയിലും നിരവധി വീടുകളിലും വെള്ളം കയറി. റോഡുകളും വെള്ളത്തിനടിയിലായി. അതിരപ്പിള്ളി തുമ്പൂർമുഴിയിൽ റോഡിലേക്ക് മുളങ്കൂട്ടം മറിഞ്ഞ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
അതിനിടെ, വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ അത്യുഷ്ണം തുടരും. രണ്ട് ദിവസം കൂടി ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാനില്‍ കടുത്ത ചൂടിന് നേരിയ ശമനമുണ്ട്. ബിഹാറില്‍ ജൂണ്‍ എട്ടുവരെ സര്‍ക്കാര്‍–സ്വകാര്യ സ്കൂളുകള്‍ അടച്ചിടും. ഇന്നലെ ഷെയ്ഖ്പുരയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണിരുന്നു. ഡല്‍ഹിയില്‍ ഇന്ന് മുതല്‍ വെള്ളം പാഴാക്കിയാല്‍ രണ്ടായിരം രൂപ പിഴ ചുമത്തും. ജലവകുപ്പ് ഉദ്യോഗസ്ഥരോട് വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ റെക്കോര്‍ഡ് ഊര്‍ജ ഉപഭോഗമാണ്. 8,302 മെഗാ വാട്ട് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. ഡല്‍ഹിയില്‍ ചൂട് 50 ഡിഗ്രി കടന്നെന്ന റിപ്പോര്‍ട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഇന്നലെ തിരുത്തിയിരുന്നു.