കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് സുഖപ്രസവം. തൃശൂര്‍ പേരാമംഗലത്തായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ബസ് നേരെ ആശുപത്രി മുറ്റത്ത് എത്തിച്ച് ജീവനക്കാരും യാത്രക്കാരും ഒപ്പംനിന്നു.
അങ്കമാലയില്‍ നിന്ന് കോഴിക്കോട് തൊട്ടില്‍പ്പാലത്തേയ്ക്കു പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. പൂര്‍ണ ഗര്‍ഭിണിയായ യുവതി മലപ്പുറം തിരുനാവായയിലേക്കുള്ള യാത്രയിലായിരുന്നു. സ്വന്തം നാട്ടിലെ ഡോക്ടറെ കാണാനായിരുന്നു യാത്ര. ബസ് തൃശൂര്‍ പേരാമംഗലത്ത് എത്തിയപ്പോള്‍ പ്രസവവേദന തുടങ്ങി. ബസ് ജീവനക്കാര്‍ ഉടനെ, ബസ് തിരിച്ച് തൊട്ടടുത്തുള്ള അമല ആശുപത്രിയില്‍ എത്തിച്ചു.
ബസിന്റെ വരവ് കണ്ടതോടെ ഡോക്ടര്‍മാരും നഴ്സുമാരും ഇറങ്ങിവന്നു. ബസില്‍ കയറുമ്പോള്‍ കണ്ട കാഴ്ച. യുവതി പ്രസവിക്കാന്‍ തുടങ്ങിയതായിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത ശേഷം യുവതിയേയും ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരം. യുവതിയുെട അഞ്ചാമത് പ്രസവമായിരുന്നു. തനിച്ചായിരുന്നു യുവതിയുടെ യാത്ര. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തി. രണ്ടു ദിവസത്തിനു ശേഷം അമ്മയ്ക്കും കുഞ്ഞിനും ആശുപത്രി വിടാനാകും. പെണ്‍കുഞ്ഞിനാണ് മുപ്പത്തിയേഴുകാരിയായ മലപ്പുറം സ്വദേശിനി ജന്‍മം നല്‍കിയത്.