vishu-new-image-29
  • നറുക്കെടുപ്പ് ഉച്ചയ്ക്ക് 12 മണിക്ക്
  • പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ധനമന്ത്രി പങ്കെടുക്കില്ല
  • രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്ക്

12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഭാഗ്യം തുണയ്ക്കുന്നതാരെയെന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അറിയാം. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ നറുക്കെടുപ്പില്‍ ധനമന്ത്രി പങ്കെടുക്കില്ല. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്ക് ലഭിക്കും. പത്തുലക്ഷം വീതം ആറു പേര്‍ക്ക് മൂന്നാം സമ്മാനമായി ലഭിക്കും.  42 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ പതിനായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ ബാക്കിയുള്ളത്. 300 രൂപയാണ് ടിക്കറ്റ് വില. ആറ് പേര്‍ക്ക് അഞ്ച് ലക്ഷം രൂപവീതമാണ് നാലാം സമ്മാനം. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. 

 

പത്തു കോടി ഒന്നാം സമ്മാനമുള്ള മണ്‍സൂണ്‍ ബംപറും ഇന്ന് പുറത്തിറക്കും. 250 രൂപയാണ് മണ്‍സൂണ്‍ ബംപറിന്‍റെ ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കും നൽകും. ജൂലൈ 31നാകും മണ്‍സൂണ്‍ ബംപറിന്‍റെ നറുക്കെടുപ്പ്.

കഴിഞ്ഞ വര്‍ഷം കോഴിക്കോട് സ്വദേശിക്കായിരുന്നു 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത്. പേര് വിവരം പുറത്തുവിടരുതെന്ന് ഒന്നാം സമ്മാനം ലഭിച്ച വ്യക്തി അഭ്യർഥിച്ച‍തിനാൽ മറ്റു വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പ് പുറത്തുവിട്ടിട്ടില്ല. ഏജൻസി കമ്മിഷനും നികുതിയും കഴിച്ച് 7.56 കോടി രൂപ അജ്ഞാതനായ ഭാഗ്യവാന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വ്യാഴാഴ്ച ലോട്ടറി വകുപ്പ് കൈമാറി. വിഷു ബംപർ ഫലം ദിവസങ്ങളായിട്ടും ഭാഗ്യവാൻ ആരെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 24നായിരുന്നു നറുക്കെടുപ്പ്. വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടാലുള്ള പൊല്ലാപ്പ് സഹിക്കാന്‍ വയ്യാത്തത് കൊണ്ടാണ് അജ്ഞാതനായിരിക്കുന്നതെന്നും ഇദ്ദേഹം വകുപ്പിനെ അറിയിച്ചിരുന്നു. സ്വകാര്യത മാനിച്ച് വിവരം പുറത്തുവിടാനാവില്ലെന്ന് വകുപ്പും നിലപാടെടുത്തിരുന്നു. 

ENGLISH SUMMARY:

Vishu Bumper Lottery result today