കൊടും ചൂട് വകവയ്ക്കാതെ നടത്തിയ പരിശീലനത്തില്‍ മലയാളി പൊലീസുകാരന്‍ മരിച്ചു. ഡല്‍ഹി പൊലീസില്‍ എ.എസ്.ഐയായ വടകര സ്വദേശി ബിനീഷാണ്(50) മരിച്ചത്. ഡല്‍ഹി വസീറബാദിലെ പൊലീസ് ട്രെയിനിങ് സെന്‍ററില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം ബാലാജി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിര്‍ജലീകരണം സംഭവിച്ചാണ് ബിനീഷിന്റെ മരണമെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിയില്‍ ഇന്നലെ ചൂട് 49 ഡിഗ്രി സെല്‍സ്യസ് വരെ എത്തിയിരുന്നു.
അതേസമയം, രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കടുത്ത ഉഷ്ണതരംഗം മൂന്ന് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സൂര്യാഘാത സാധ്യത കൂടിയതിനെ തുടർന്ന് ഡൽഹിയിൽ സർക്കാർ ആശുപത്രികളിൽ പ്രത്യേക കിടക്കകൾ സജ്ജീകരിച്ചു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി, യുപി എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. ഡൽഹിയിലും ഹരിയാനയിലും ജനജീവിതം ദുസഹമാക്കി രാത്രി താപനിലയും ഉയർന്നുതന്നെ നിൽക്കുകയാണ്. ഡൽഹിയിൽ മുംഗേഷ്പൂരിലാണ് ഏറ്റവും ഉയർന്ന താപനില. 48.8 ഡിഗ്രിയാണ് ചൂട്. രാജസ്ഥാനിൽ പലയിടത്തും 50 ഡിഗ്രിയോടടുത്താണ് താപനില.