എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ജയിക്കാനുള്ള മാനദണ്ഡം ഏഴുത്ത് പരീക്ഷയില്‍ 30 ശതമാനം മാര്‍ക്കാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.എം അനുകൂല സംഘടനകള്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് എസ്.എഫ്.ഐയും കെ.എസ്.ടി.എയുമുള്‍പ്പെടേയുള്ള സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇത് തള്ളിക്കളഞ്ഞ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരിഷ്കാരവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.
പ്രതിപക്ഷത്തെയടക്കം അധ്യാപക സംഘടനകളും കരിക്കുലം കമ്മറ്റി അംഗങ്ങളും വിദ്യാഭ്യാസ വിദഗ്ധരും സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ചപ്പോഴാണ് ഭരണപക്ഷ സംഘടനകളുടെ എതിര്‍പ്പ്. പുതിയ മൂല്യനിര്‍ണയ രീതിയിലൂടെ ഒരു വിഭാഗത്തെ തോറ്റവര്‍ എന്ന കള്ളിയിലേക്ക് മാറ്റുകയാണ്. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവരായിരിക്കും ഇതില്‍ കൂടുതലുമെന്ന് കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ ബദറുന്നിസ വാദിച്ചു. കുട്ടികളെ ചേര്‍ത്തുപിടിക്കുന്ന സംവിധാനങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത് അപകടകരമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി പറഞ്ഞു. കൂട്ടികളെ തോല്‍പ്പിക്കണമെന്നും അവര്‍ വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് പുറത്തുപോകണമെന്നുമുള്ള രീതിയോട് വിയോജിപ്പാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പറഞ്ഞു. ഈ വാദങ്ങളെയെല്ലാം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി തള്ളിക്കളഞ്ഞു.
അതേസമയം കോണ്‍ക്ലേവില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കരിക്കുലം കമ്മറ്റി ചര്‍ച്ച ചെയ്യുമെന്നും ശേഷം നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.