anil-mon-bar-scam

മദ്യനയത്തിലെ ഇളവിനായി പണപ്പിരിവെന്ന ഓഡിയോയിലെ അനിമോന്‍റെ മലക്കം മറിച്ചില്‍ ഒത്തുതീര്‍പ്പിന്‍റെ ഭാഗമെന്നു സൂചന. സര്‍ക്കാരനെതിരെ നില്‍ക്കുന്നതിന്‍റെ പ്രായോഗിക പ്രശ്നങ്ങളും സഹപ്രവര്‍ത്തകര്‍ അറിയിച്ചതോടെയാണ് മനംമാറിയത്. ഇതോടെയാണ് പരസ്യമായി വിശദീകരണം നല്‍കാതെ വാട്സാപ് സന്ദേശം നല്‍കി തലയൂരിയത്. 

 

മദ്യനയം പ്രഖ്യാപിക്കാനിരിക്കെ എത്തിയ ബാര്‍ അസോസിയേഷന്‍ നേതാവിന്‍റെ ശബ്ദ സന്ദേശം രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയിരുന്നു. ഓഡിയോ പുറത്തു വന്നതിനു പിന്നാലെ ശബ്ദത്തിന്‍റെ ഉടമ അനിമോന്‍റെ ഫോണ്‍ സ്വിച്ച് ഓഫായി. അനിമോന്‍ എവിടെയെന്നു സംഘടനാ നേതാക്കള്‍ക്കു പോലും അറിയാതെയായി. പിന്നാലെ മറ്റു ബാര്‍ ഉടമകളും പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രസിഡന്‍റ് സുനില്‍കുമാര്‍ മാത്രമാണ് രംഗത്തെത്തിയത്. എന്നിട്ടും അനിമോന്‍റെ പ്രതികരണം ഉണ്ടായില്ല.

രണ്ടു ദിവസത്തെ മൗനത്തിനുശേഷം വാട്സാപ് സന്ദേശവുമായി അനിമോന്‍ എത്തിയതിനു പിന്നില്‍ കടുത്ത സമ്മര്‍ദമെന്നാണ് സൂചന. ബാറു നടത്തിപ്പുകാരന്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് സഹപ്രവര്‍ത്തകര്‍ വഴി ബോധ്യപ്പെടുത്തിയതിനു പിന്നാലെയാണ് സന്ദേശമെത്തിയത്. അതും പ്രസിഡന്‍റ് നേരത്തെ പറഞ്ഞ കെട്ടിട നിര്‍മാണ ഫണ്ട് വാദത്തെ പിന്തുണച്ചുവെന്നു മാത്രമല്ല സര്‍ക്കാരിനും മുന്നണിക്കുമെതിരെയുണ്ടായ ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സര്‍ക്കാരുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ബാറുടമകള്‍ തന്നെയാണ് ഒത്തുതീര്‍പ്പിനു മുന്‍കൈ എടുത്തത്.