shop-new

TOPICS COVERED

വയനാട് കുറുവ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം നിരോധിച്ചതോടെ ദുരിതത്തിലായി സമീപ പ്രദേശങ്ങളിലെ വ്യാപാരികൾ. കാട്ടാനയുടെ ആക്രമണത്തിൽ കുറുവയിലെ ജീവനക്കാരൻ കൊല്ലപ്പെട്ടതിന്‍റെ  പശ്ചാത്തലത്തിൽ മാസങ്ങൾ മുൻപാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത്.

 

വയനാട്ടിലെ തുടർച്ചയായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വനംവകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിന് നിരോധനം. ഇതാണ് വ്യാപാരികളെ ദുരിതത്തിലാക്കിയത്. കുറുവ ഇക്കോ ടൂറിസം കേന്ദ്രത്തെ മാത്രം ആശ്രയിച്ച് നൂറോളം കുടുംബശ്രീ പ്രവർത്തകരാണ് ഹോട്ടലുകളും കടകളും നടത്തിയിരുന്നത്. കഴിഞ്ഞ മൂന്നുമാസമായി ഇവർക്ക് കച്ചവടമില്ല.

ഹോട്ടലുകളായി പ്രവർത്തിച്ചിരുന്നിടത്ത് ട്യൂഷൻ സെന്ററുകളും മറ്റും നടത്തി അതിജീവനത്തിന് ശ്രമിക്കുകയാണ് ഇവർ. അപ്പോഴും ശാശ്വത പരിഹാരമായി മുന്നോട്ടുവയ്ക്കുന്നത് ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുക എന്ന ആവശ്യമാണ്. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് ഇത് സംബന്ധിച്ച നിവേദനം കുടുംബശ്രീ പ്രവർത്തകർ നൽകിയിട്ടുണ്ട്. വനംവകുപ്പും ജില്ലാ ഭരണകൂടവും ഇടപെട്ട് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടണമെന്നാണ് ഇവരുടെ ആവശ്യം.

ENGLISH SUMMARY:

Kuruva island entry prohibited