kodikkunnil-suresh

 

 

 

 

മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്,  നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചത് വ്യാജസത്യവാങ്മൂലമെന്ന് എല്‍.ഡി.എഫിന്‍റെ പരാതി. സ്ഥാനാർഥിയുടെയും കുടുംബത്തിന്‍റെയും വരുമാനസ്രോതസ്സ് മറച്ചുവെച്ചെന്നും പത്രികയോടൊപ്പം നൽകേണ്ട ഫോറത്തിൽ ചില ഭാഗങ്ങൾ നിയമവിരുദ്ധമായി ഒഴിവാക്കിയെന്നും കാണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സ്ഥാനാർത്ഥി മണ്ഡലത്തിലെ സംവരണ വിഭാഗത്തിൽപെട്ടയാളല്ലെന്നും ആക്ഷേപമുണ്ട്. ആരോപണങ്ങൾ കൊടിക്കുന്നിൽ സുരേഷ് നിഷേധിച്ചു.

 

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചതിന് പിന്നാലെയാണ് ആക്ഷേപങ്ങളുയർത്തി എൽഡിഎഫിന്‍റെ പരാതി. നാമനിർദേശ പത്രികയിൽ നിന്ന് സ്ഥാനാർത്ഥിയുടെയും ബന്ധുക്കളുടെയും വരുമാനസ്രോതസ് മറച്ചുവെച്ചെന്ന് എൽഡിഎഫ് ആരോപിച്ചു. സ്ഥാനാർത്ഥിയുടെ ഭാര്യയുടെ നാല് ബാങ്കുകളിലായുള്ള 26 ലക്ഷം രൂപ നിക്ഷേപത്തിന്റെ സ്രോതസ് വ്യക്തമാക്കിയിട്ടില്ല. സംവരണ മണ്ഡലമായ മാവേലിക്കരയിലാകെ പട്ടികജാതിയായി കണക്കാക്കപ്പെടുന്ന വിഭാഗത്തിൽപ്പെട്ടയാളല്ലെന്ന് സ്ഥാനാർത്ഥി തന്നെ പത്രികയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും എൽഡിഎഫ്.

 

ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഇടതുപക്ഷത്തിന്‍റെ വിവരക്കേടാണെന്നും കൊടിക്കുന്നിൽ സുരേഷ് തിരിച്ചടിച്ചു. താൻ സംവരണ വിഭാഗത്തിൽപെട്ടയാളാണെന്ന് സുപ്രീംകോടതി വരെ ശരി വെച്ചിട്ടുള്ളതാണെന്നും എൽഡിഎഫിന്റെ ആക്ഷേപം കോടതിയെ അധിക്ഷേപിക്കുന്ന തരത്തിലെന്നും കൊടിക്കുന്നിൽ.

 

സത്യവാങ്മൂലത്തിലെ കൃത്രിമത്വം ചൂണ്ടിക്കാട്ടിയിട്ടും റിട്ടേണിങ് ഓഫീസർ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. അതേസമയം ആക്ഷേപങ്ങളെ നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ് യുഡിഎഫ്.