മീനച്ചൂടിനെ അവഗണിച്ചും ആയിരങ്ങള്‍ ഒഴുകിയെത്തി ആവേശം തീര്‍ത്ത പാലക്കാട് നെന്മാറ വല്ലങ്ങി വേലയ്ക്ക് കൊടിയിറക്കം. ഗജവീരന്മാരെ അണിനിരത്തി വെടിക്കെട്ടിന്റെ ഇമ്പത്തോടെയുള്ള വര്‍ണാഭ കാഴ്ച കാണാന്‍ പതിവുപോലെ വിദേശികളും സ്വദേശികളുമെത്തി. കര്‍ശന സുരക്ഷാ കരുതലോടെയായിരുന്നു ഇരുദേശക്കാരുടെയും വെടിക്കെട്ട്.
തലയെടുപ്പുള്ള ഗജവീരന്മാര്‍, വര്‍ണ വൈവിധ്യം നിറയ്ക്കുന്ന കുടമാറ്റം. മല്‍സരാവേശം നിറയ്ക്കുന്ന വാദ്യവും മേളവും. നെന്മാറ, വല്ലങ്ങി ദേശങ്ങൾ ഒരുക്കിയ വിസ്മയക്കാഴ്ചകൾ കണ്ണുകള്‍ക്ക് ചാരുതയായി. വേലയുടെ പൂര്‍ണതയെത്താന്‍ ഒന്നുകൂടിയുണ്ടായിരുന്നു. ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് കര്‍ശന നിയന്ത്രണത്തോെട നടത്തിയ ഇരുദേശങ്ങളുടെയും വെടിക്കെട്ട്. എഴുന്നള്ളത്ത് നഗരം ചുറ്റി പുലർച്ചെ മൂന്നിന് പന്തലിലെത്തി. പിന്നീട് രാവിലെ വീണ്ടും വെടിക്കെട്ട്. ഇരു ദേശത്തിന്‍റെയും എഴുന്നള്ളത്തുകൾ കാവുകയറി ഇറങ്ങിയ ശേഷം മേളത്തിന്‍റെ അകമ്പടിയില്‍ അതത് മന്ദുകളിലെത്തി കോലം ഇറക്കിയതോടെ ഉല്‍സവത്തിന് സമാപനമായി.