സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍. പെരുമ്പാവൂര്‍ താന്നിപ്പുഴയില്‍ ബൈക്കില്‍ ടിപ്പറിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്.
രാവിലെ എട്ടുമണിയോടെ എംസി റോഡില്‍ പെരുമ്പാവൂര്‍ താന്നിപ്പുഴ പള്ളിയ്ക്കുസമീപമാണ് അപകടമുണ്ടായത്. എല്‍ദോസും മകള്‍ ബ്ലെസിയും സഞ്ചരിച്ചിരുന്ന ബൈക്കിനുപിറകില്‍ ടിപ്പറിടിക്കുകയായിരുന്നു. ടിപ്പറിന്‍റെ മുന്‍ഭാഗത്ത് കുടുങ്ങിയ ബൈക്കില്‍ നിന്ന് ഇരുവരെയും ഏറെപ്പണിപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു നീങ്ങിയ ടിപ്പറിന്‍റെ അടിയില്‍ കുരുങ്ങിയ നിലയിലായിരുന്നു ഇരുവരും. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അങ്കമാലിയില്‍ നഴ്സിങ്ങ് വിദ്യാര്‍ഥിനിയായ ബ്ലെസിയെ കോളജില്‍ കൊണ്ടുവിടാന്‍ പോകവേയാണ് അപകടം. പൊലീസെത്തി ടിപ്പര്‍ ഓടിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.