കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ കൂടുതല്‍ നേതാക്കളിലേക്ക് ഇഡി അന്വേഷണം വ്യാപിപ്പിച്ചതോടെ സിപിഎം കടുത്ത പ്രതിരോധത്തില്‍. കേസില്‍ അറസ്റ്റിലായവരുടെ മൊഴികളും ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും മുന്‍ എംപി പി.കെ. ബിജുവിന് കുരുക്കാകുമെന്നാണ് സൂചന. സ്വത്ത്, അക്കൗണ്ട് വിവരങ്ങള്‍ പാര്‍ട്ടി മറച്ചുവച്ചതായി കണ്ടെത്തിയാല്‍ നേതൃത്വത്തിനെതിരെ ക്രിമിനല്‍ നടപടിക്കും സാധ്യത.
സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് പിന്നാലെയാണ് മുന്‍ എംപി പി.കെ. ബിജു, സിപിഎം തൃശൂര്‍ നഗരസഭ കൗണ്‍സിലര്‍ പി.കെ. ഷാജന് എന്നിവര്‍ക്ക് ഇഡി നോട്ടിസ് നല്‍കിയത്. കേസിന്റെ ആദ്യഘട്ടംമുതല്‍ ഇരുവരുടെയും പേരുകള്‍ പലപ്പോഴായി പരാമര്‍ശിക്കപ്പെട്ടെങ്കിലും ചോദ്യം ചെയ്യാനുള്ള ഇഡി തീരുമാനം ഇതാദ്യം. കരുവന്നൂരിലെ തട്ടിപ്പുകള്‍ പുറത്തുവന്നപ്പോള്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷനിലെ അംഗങ്ങളാണ് പി.കെ. ബിജുവും ഷാജനും. ഇരുവരും അന്വേഷണം നടത്തി റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് കൈമാറി ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക നേതാകള്‍ക്കെതിരെ നടപടിയെടുത്തു. ഈ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതോടെയാണ് ഇരുവരെയും വിളിച്ചുവരുത്താനുള്ള ഇഡി തീരുമാനം. എന്നാല്‍ ബിജുവിനെ വെട്ടിലാക്കുന്നത് കേസിലെ മുഖ്യപ്രതിയായ സതീഷ്കുമാറുമായുള്ള അടുത്തബന്ധവും സാമ്പത്തിക ഇടപാടുകളുമാണ്. എ.സി. മൊയ്തീന്, പി.കെ. ബിജു എന്നിവര്‍ സതീഷ്കുമാറില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് അറസറ്റിലായ സിപിഎം കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷന് മൊഴി നല്‍കിയിട്ടുണ്ട്. സതീഷിന്റെ സഹോദരന് ശ്രീജിത്തിന്റെ അക്കൗണ്ട് വഴി 2020ല്‍ അഞ്ച് ലക്ഷം രൂപ നല്‍കിയെന്നാണ് നിര്‍ണായക മൊഴി. കരുവന്നൂരില്‍ നടന്ന കുറ്റകൃത്യത്തിന്റെ പങ്കാണ് ഈ തുകയെന്നാണ് ഇഡിയുടെ വാദം. നേതാകള്ക്കെതിരായ നടപടികള്‍ക്ക് പുറമെയാണ് പാര്‍ട്ടിയെ തന്നെ കുരുക്കിലാക്കുന്ന വെളിപ്പെടുത്താത്ത അക്കൗണ്ടുകള്‍ സംബന്ധിച്ച ഇഡി കണ്ടെത്തല്‍. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇഡിയുടെ ത്വരിത നീക്കങ്ങളെ ജാഗ്രതയോടെ നേരിടാനാണ് സിപിഎം തീരുമാനം.