kodikunnilpresence

 തിരഞ്ഞെടുപ്പടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ മണ്ഡലത്തിലെ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ അസാന്നിധ്യം വിഷയമാക്കി എൽഡിഎഫ് എൻഡിഎ സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പടുക്കുമ്പോൾ മാത്രം മണ്ഡലത്തിൽ എത്തുന്ന എംപിയാണ് കൊടിക്കുന്നിലെന്നും അത് വോട്ടർമാർക്കറിയാമെന്നും സ്ഥാനാർത്ഥികൾ ആരോപിച്ചു. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്ത് വന്നു.

 

മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പദ്ധതികൾ ഉയർത്തിക്കാട്ടി കോൺഗ്രസ് പ്രചാരണം കൊഴുപ്പിക്കുന്നതിനിടെയാണ് മണ്ഡലത്തിലെങ്ങും എംപിയെ കണ്ടിട്ടില്ലെന്ന എൽഡിഎഫ് എൻഡിഎ മുന്നണികളുടെ ആരോപണം. എംപി ഒപ്പമുണ്ടാകണമെന്നായിരുന്നു വോട്ടർമാരുടെ ആവശ്യമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സി.എ.അരുൺകുമാർ.

 

ആദ്യ വർഷങ്ങളിൽ കൊടിക്കുന്നിൽ സുരേഷ് എംപി പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീടുള്ള പത്തുവർഷങ്ങളോളം എംപി മണ്ഡലം തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി ബൈജു കലാശാല. തോൽക്കുമെന്ന ഭയമാണ് എംപിയെ ആദ്യ ഘട്ടത്തിൽ മത്സരിക്കണ്ട എന്ന തീരുമാനത്തിലെത്തിച്ചതെന്നും ബൈജു കലാശാല. മണ്ഡലത്തിലെ പരിപാടികളിലെല്ലാം താൻ സജീവമായിരുന്നെന്നും അത് കാണാത്തത് കാഴ്ചയുടെ പ്രശ്നമായിരിക്കുമെന്നും സിറ്റിംഗ് എംപിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ കൊടിക്കുന്നിൽ സുരേഷ് തിരിച്ചടിച്ചു. മണ്ഡലപര്യടനത്തിലാണ് മൂന്ന് സ്ഥാനാർത്ഥികളും.