ഹൈദരബാദിൽ നഴ്സിങ്ങ് പഠനത്തിനിടെ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് പഠനം നിര്‍ത്തേണ്ടിവന്ന ആലപ്പുഴ തകഴി സ്വദേശിനി അഞ്ജലിക്ക് കോളജില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടി. സർട്ടിഫിക്കറ്റ് തിരികെ നല്‍കാന്‍ ലക്ഷങ്ങള്‍ നൽകണമെന്നാണ് കോളജ് അധികൃതർ ആവശ്യപ്പെട്ടത്. എന്നാല്‍ പണംനല്‍കാന്‍ അഞ്ജലിക്കും കുടുംബത്തിനും സാധിച്ചില്ലായിരുന്നു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് കെ.സി.വേണുഗോപാല്‍ എം.പിയും ഹൈദരബാദിലെ മലയാളി അസോസിയേഷനും ഇടപെട്ടതിനെതുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടിയത്.
കോളജില്‍ നിന്ന് വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് പഠനം നിര്‍ത്തിയെങ്കിലും അഞ്ജലിക്ക് സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിച്ചില്ല. നാലുവര്‍ഷത്തെയയും ഫീസ് അടച്ചെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്നായിരുന്നു കോളജിന്‍റെ നിലപാട്. ആലപ്പുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ജലിയുടെ സങ്കടം മനോരമ ന്യൂസിലൂടെയാണ് പുറത്തറിഞ്ഞത്.
ഹൈദരബാദിലെത്തിയ മാതാപിതാക്കളും അജികുമാറും രമയും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി ഇന്നലെ വൈകിട്ട് ആലപ്പുഴയില്‍ തിരികെയെത്തി. പഠനം തുടരാത്തതിനാല്‍ അടച്ച ഫീസ് തരികെക്കിട്ടണമെന്നാവശ്യപ്പെട്ടിട്ടും കോളജ് അധികൃതര്‍ നല്‍കിയില്ല.
വേഗം ജോലി കിട്ടുന്ന കോഴ്സ് എന്ന നിലയിലാണ് ആലപ്പുഴ തകഴി സ്വദേശി അഞ്ജലി ഹൈദരബാദിൽ ബി.എസ്.സി നഴ്സിങ്ങിന് ചേർന്നത്. നമ്പിള്ളി കെയർ കോളജിലായിരുന്നു പഠനം. അധ്യാപികയ്ക്ക് ഇരിക്കാന്‍ കസേരയെടുത്തുകൊണ്ട് ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു അഞ്ജലിക്ക് വീണ് നട്ടെല്ലിന് പരുക്കേറ്റത്. അഞ്ജലിയുടെ വിവരമറിഞ്ഞ ഹൈദരബാദിലെ ആള്‍ ഇന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളും കോളജില്‍ ഇടപെട്ടു. കെസിവേണുഗോപാല്‍ എംപിയും ഹൈദരബാദിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സഹായിക്കാന്‍ നിര്‍ദേശം നല്‍കി. ജനസേവ ശിശുഭവന്‍ ജോസ് മാവേലി സാമ്പത്തിക സഹായവുമായി ആലപ്പുഴയിലെത്തിയിരുന്നു.