kadakampally-surendran

തിരുവനന്തപുരം കോര്‍പറേഷനിലെ റോഡ് വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയോട് സി.പി.എം വിശദീകരണം തേടി. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള അംഗങ്ങളടക്കം കടകംപള്ളിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു. പ്രസംഗത്തില്‍ വീഴ്ച പറ്റിയെന്ന് കടകംപള്ളി പാര്‍ട്ടിയോട് സമ്മതിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ടായെന്ന വാര്‍ത്തയെ പറ്റി പാര്‍ട്ടി അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി. കടകംപള്ളിയാണ് വാര്‍ത്തക്ക് പിന്നിലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. 

ഈ പ്രസംഗമാണ് എല്ലാ വിവാദങ്ങള്‍ക്കും തിരികൊളുത്തിയതെന്നാണ് പാര്‍ട്ടി നിലപാട്. കടകംപള്ളിക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മറുപടി നല്‍കിയതോടെ വിവാദം കൊഴുത്തു. ഇതു സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. പ്രസംഗം നടന്ന് മൂന്ന് ദിവസത്തിനുശേഷമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടിയത്. പ്രസംഗത്തില്‍ വീഴ്ച പറ്റിയെന്ന് പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ കടകംപള്ളി സമ്മതിക്കുകയും ചെയ്തു. റോഡ് നിര്‍മാണം ഇഴയുന്നതില്‍ ജനങ്ങള്‍ക്കുള്ള പരാതിയാണ് താന്‍ ഉന്നയിച്ചത്. എന്നാല്‍ പരസ്യമായി ഉന്നയിച്ചത് തെറ്റായിപോയി എന്നും കടകംപള്ളി സമ്മതിച്ചു. 

എന്നാല്‍ ഇതിന് പിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനമുണ്ടായെന്ന വാര്‍ത്ത വന്നു. ഈ വാര്‍ത്ത എങ്ങനെ വന്നു എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കടകംപള്ളി നടത്തിയ പരസ്യവിമര്‍ശനം തെറ്റായി പോയെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാവില്‍ നിന്ന് ഇത്തരം സമീപനം ഉണ്ടാകരുതായിരുന്നു. മുമ്പ് ഗുരുതരമായ തെറ്റുകള്‍ ചെയ്തയാളെ നേതൃത്വം സംരക്ഷിച്ചതിന്‍റെ അനന്തരഫലമാണിതെന്നുവരെ വിമര്‍ശനമുണ്ടായി. തിരുവനന്തപുരത്തുനിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളും കടകംപള്ളിയെ വിമര്‍ശിച്ചു. 

CPM sought an explanation from Kadakampally Surendran MLA on the road controversy