മനോദൗർബല്യമുള്ള യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ കേസിൽ എട്ടുപേര്‍ക്ക് ജീവപര്യന്തം. പെരുവെമ്പ് കിഴക്കേ തോട്ടുപാടം സ്വദേശി രാജേന്ദ്രൻ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധി. 2010 ലുണ്ടായ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളും രാജേന്ദ്രന്റെ നാട്ടുകാരാണ്. പ്രതികളെ രക്ഷിക്കാന്‍ പൊലീസ് പലതവണ ശ്രമിച്ചുവെന്ന് പരാതി ഉയര്‍ന്ന കേസിലാണ് ഒടുവില്‍ വിധിയുണ്ടായത്.
2010 ഫെബ്രുവരി 18നു പുലർച്ചെയായിരുന്നു ആൾക്കൂട്ട മർദനത്തിന് സമാനമായ കൊലപാതകം. നിര്‍മാണ തൊഴിലാളിയായ രാജേന്ദ്രൻ വർഷങ്ങളായി മാനസികാരോഗ്യക്കുറവിന് ചികില്‍സയിലായിരുന്നു. ഇതിനിടയില്‍ തോട്ടുപാടത്തിന് സമീപത്തെ ഓല ഷെഡ്ഡിന് ആരോ തീവച്ചു. ഇത് രാജേന്ദ്രനെന്നായിരുന്നു പ്രതികളുടെ ആരോപണം. കുറ്റമേല്‍ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ക്രൂരമര്‍ദനം. അക്രമി സംഘത്തെ ഭയന്നു രാജേന്ദ്രൻ വീടിന്റെ പിൻവശം വഴി മറ്റൊരു വീടിനു പിന്നില്‍ ഒളിച്ചു. ഇവിടെ നിന്ന് രാജേന്ദ്രനെ പിടികൂടി വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടും മർദിച്ചു. തീർത്തും അവശനായ രാജേന്ദ്രനെ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. രാജേന്ദ്രനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തിൽ വടികൊണ്ടടിച്ചത് ഉള്‍പ്പെടെ മുപ്പതിലേറെ മുറിവുകളുണ്ടായിരുന്നു. രാജേന്ദ്രന്റെ തലയ്ക്കും മാരകമായി അടിയേറ്റിയിരുന്നു. കിഴക്കേ തോട്ടുപാടം സ്വദേശികളായ വിജയൻ, കുഞ്ചപ്പൻ, ബാബു, മുരുകൻ, മുത്തു, രമണൻ, മുരളീധരൻ, രാധാകൃഷ്ണൻ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവും പതിനായിരം രൂപ വീതം പിഴയും വിധിച്ചത്.
Mentally retarded man beaten to death; accused punished for life imprisonment
വിവിധ വകുപ്പുകള്‍ പരിഗണിച്ചാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. പ്രധാന സാക്ഷി ഉള്‍പ്പെടെ കൂറ് മാറിയെങ്കിലും ശക്തമായ തെളിവുകള്‍ ശിക്ഷാവിധിക്ക് കാരണമായി. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി ഉത്തരവ്.
കേസ് അട്ടിമറിക്കാന്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ തന്നെ പലതവണ ശ്രമിച്ചുവെന്ന് രാജേന്ദ്രന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. രാജേന്ദ്രന്റെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കേസിന്റെ വിചാരണയ്ക്ക് സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിച്ചത്. ആദ്യം ഏഴുപേരെയാണ് പൊലീസ് പ്രതി ചേർത്തിരുന്നത്. രാജേന്ദ്രന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചപ്പോഴാണ് ഒരാളെക്കൂടി പ്രതി ചേർത്തത്.
കുറുമാറിയ സാക്ഷിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അറിയിച്ചു.