യാത്രക്കാരനോട് ബസ് ജീവനക്കാരന്‍റെ മോശം പെരുമാറ്റം. ബസ് യാത്രയ്ക്കിടെ യാത്രക്കാരന്‍റെ ബുക്ക് കണ്ടക്ടര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. പിന്നീട് പൊലീസ് ഇടപെടലില്‍ ബുക്ക് ബസ് ജീവനക്കാര്‍ വാങ്ങി നല്‍കി.
കഴിഞ്ഞ ദിവസമാണ് ജെഡിടി ഇസ്‌ലാം ആർട്സ് ആൻഡ് സയൻസ് കോളജ് ബികോം വിദ്യാർഥി ആലുവ മാറമ്പള്ളി ശ്രീഭൂതപുരം പുത്തൻപുരയിൽ അത്താഉ റഹ്മാന്‍ സുഹൃത്ത് മുഹമ്മദ് റൈഹാനൊപ്പം രാമനാട്ടുകരയിൽ നിന്നു ടിപി ബ്രദേഴ്സ് ബസിൽ കരിപ്പൂരിലേക്ക് പോയത്.
യാത്രയ്ക്കിടെ വായിക്കാന്‍ ബെന്യാമിന്റെ ‘ആടുജീവിതം’ നോവൽ കയ്യിൽ കരുതിയിരുന്നു. ബസില്‍ തിരക്കായതിനാല്‍ ബുക്ക് വായിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പുസ്തകം സീറ്റിനു മുകളിലെ റേക്കിൽ വച്ചു. ബസ് യാത്രയ്ക്കിടെ ഈ ബുക്ക് സീറ്റിലേക്ക് വീണു. ബുക്ക് യാത്രക്കാരന്‍റെ ദേഹത്തു വീണു എന്ന കാരണം പറഞ്ഞ് വൈദ്യരങ്ങാടിക്ക് സമീപമെത്തിയപ്പോള്‍ ബുക്ക് കണ്ടക്ടർ പുറത്തേക്ക് എറിഞ്ഞു.
സംഭവം ചോദ്യം ചെയ്ത അത്താഉ റഹ്മാനെയും സുഹൃത്തിനെയും ബസിൽ നിന്നു ഇറക്കിവിട്ടു. കാര്യങ്ങള്‍ അടുത്തുണ്ടായിരുന്ന ഹൈവേ പൊലീസിൽ അറിയിച്ചു. അവരുടെ നിർദേശ പ്രകാരം ഫറോക്ക് പൊലീസിൽ പരാതി നൽകി. ഇതോടെ പൊലീസ് ഇടപെട്ടു ബസ് ജീവനക്കാരെ വിളിച്ചു വരുത്തി പുതിയ പുസ്തകം വാങ്ങിപ്പിച്ചു. പിന്നീട് അത്താഉ റഹ്മാൻ സ്റ്റേഷനിലെത്തി നോവൽ ഏറ്റുവാങ്ങി.