wild-elephant-attack

കാട്ടാന പാഞ്ഞ് വരുന്നത് കണ്ട് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ടാക്സി ഡ്രൈവറായ അജീഷിന്‍റെ അന്ത്യം. രാവിലെ ഏഴുമണിയോടെ പണിക്കാരെ നോക്കാനായി പുറത്തേക്ക് പോയ അജീഷ് ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ആന വിരട്ടിയോടിച്ചതും രക്ഷപെടുന്നതിനായി അയല്‍വാസിയായ ജോമോന്‍റെ വീടിന്‍റെ മതില്‍ ചാടിയ അജീഷ് പക്ഷേ നിലത്തുവീണു. ഗേറ്റ് തുറക്കാന്‍ വന്ന കുട്ടികളോട് ഓടി രക്ഷപെടാന്‍ പറയുന്നതിനിടെ പിന്നാലെ ഗേറ്റും തകര്‍ത്ത് പാഞ്ഞെത്തിയ ആന അജീഷിനെ ചവിട്ടുകയായിരുന്നു. അജീഷിനെ ചവിട്ടിയ ശേഷം വീടിന്‍റെ പിന്നിലൂടെ ആന കടന്നുപോകുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

ആന അജീഷിനെ ആക്രമിക്കാന്‍ പാഞ്ഞടുക്കുന്നതിന്‍റെയടക്കം സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അജീഷ് മതില്‍ ചാടി രക്ഷപെടാന്‍ ശ്രമിക്കുന്നതും മറിഞ്ഞ് വീഴുന്നതും ആനയെത്തി ചവിട്ടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ ഏഴരയോടെയാണ് മാനന്തവാടിയിലെ ചാലിഗദ്ദയില്‍ കാട്ടാന ആക്രമണം ഉണ്ടായത്. വനമേഖലയില്‍ നിന്നെത്തിയ ആന പുലര്‍ച്ചെ മുതല്‍ ജനവാസ മേഖലയിലും തോട്ടങ്ങളിലും മറ്റുമായി തമ്പടിച്ചിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവം നടക്കുന്നതിന് കുറച്ചുമുന്‍പ് വരെ അജീഷിന്‍റെ അയല്‍വാസിയായ ജോമോന്‍റെ വീടിന് മുന്നിലെ തോട്ടത്തില്‍ ആന പല തവണ തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. പിന്നിട് തോട്ടത്തില്‍ നിന്നും നേരെ വീടുകള്‍ ലക്ഷ്യം വച്ചായിരുന്നു ആന നീങ്ങിയത്.

 

 കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട കാട്ടാനയാണ് നാട്ടിലിറങ്ങി ആക്രമണം നടത്തിയത്. തണ്ണീര്‍ക്കൊമ്പനു പിന്നാലെ ഒരാഴ്ചയ്ക്കിടെ മാനന്തവാടിയിലെത്തുന്ന രണ്ടാമത്തെ കാട്ടാനയാണിത്. ആനയെ തുരത്താന്‍ ശ്രമം തുടരുകയാണ്. മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കലക്ടറും സിസിഎഫും ഡി.എഫ്.ഒയും എത്താതെ പോസ്റ്റ്മോര്‍ട്ടം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. മാനന്തവാടി കുറുക്കന്‍മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Wayanad Wild Elephant Attack